gym
ജിംനേഷ്യങ്ങൾ

മലപ്പുറം: കൊവിഡ് പ്രതിരോധത്തിൽ പല ഇളവുകൾ നൽകിയെങ്കിലും മാ‌‌ർച്ച് 13 മുതൽ അടഞ്ഞ് കിടക്കുന്ന ജിംനേഷ്യങ്ങൾ ഇതുവരെ തുറക്കാനാകാത്തതിനാൽ ഉടമകളുടെയും പരിശീലകരുടെയും ഉപജീവന മാർഗം പ്രതിസന്ധിയിലായിരിക്കുകയാണ്. കൊവിഡുമായി ബന്ധപ്പെട്ട് ആദ്യം അടച്ചിടേണ്ടി വന്ന സ്ഥാപനങ്ങളാണിത്. വൻ തുക ചെലവ് വരുന്ന ട്രെഡ്‌മില്ലർ, ഓ‌ർബിറ്റ് പോലെയുള്ള ഉപകരങ്ങൾ മാസങ്ങളോളം ഉപയോഗിക്കാതിരിക്കുമ്പോൾ ഉപയോഗശൂന്യമാകാനുള്ള സാദ്ധ്യത കൂടുതലാണ്. ലക്ഷങ്ങൾ ബാങ്ക് ലോണെടുത്ത് തുടങ്ങിയ സംരഭങ്ങൾ തുറക്കാനാകാത്ത സ്ഥിതിയിലായതോടെ വാടകയും വൈദ്യുതി ബില്ലും നൽകാനാകാത്ത അവസ്ഥയിണ് പല ഉടമകളും. പലരുടെയും ഇ.എം.ഐ മുടങ്ങിയിട്ടുണ്ട്. 25 ലക്ഷം രൂപ വരെയാണ് ഒരു ജിം തുടങ്ങാനുള്ള മിനിമം ചെലവ്. 80 ശതമാനത്തോളം വരുന്ന ജിംനേഷ്യം ഉടമകളും പരിശീലകരും ബോഡി ബിൽഡിംഗ് മേഖലയെ മാത്രം ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്നവരാണ്. ബോഡിബിൽഡിംഗ് മേഖലയിൽ ജോലിയില്ലാത്തതിനാൽ പലരും മറ്റ് പല ജോലികളും തേടിപോവുകയാണ്.

കേരളത്തിൽ കൂടുതൽ ജിംനേഷ്യങ്ങളും ബോഡി ബിൽഡർമാരുമുള്ളത് മലപ്പുറം ജില്ലയിലാണ്. 200 ലധികം ജിംനേഷ്യങ്ങളാണ് ഒളിംബിക് അസോസിയേഷന്റെയും കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും സ്‌പോർട്‌സ് കൗൺസിലിന്റെയും അംഗീകാരമുള്ള ബോ‌‌ഡി ബിൽഡിംഗ് ആന്റ് ഫിറ്റ്നസ് അസോസിയേഷന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്നത്. സ്‌ത്രീകൾ ഉൾപ്പടെ ആയിരത്തോളം ജീവനക്കാ‌ർ ഈ മേഖലയിൽ പണിയെടുക്കുന്നുണ്ട്. വിവിധ ജിംനേഷ്യങ്ങളിലായി ഒരുലക്ഷത്തോളം ആളുകൾ ജില്ലയിൽ ബോഡി ബിൽഡിംഗ് പരിശീലനത്തിന് എത്തുന്നുണ്ട്. കായിക ക്ഷമത ആവശ്യമുള്ള വിവിധ വകുപ്പുകളിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കായിക പരിശീലനം നൽകുന്നത് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ബോഡി ബിൽഡിംഗ് ചാമ്പ്യൻമാരായി പലരും സ്‌പോർട്‌സ് കോട്ടയിൽ ജോലിയും നേടിയിട്ടുമുണ്ട്. ഹെൽത്ത് ക്ലബുകൾ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാൻ തയ്യാറാണെന്ന് ജിംനേഷ്യം ഉടമകൾ പറയുന്നു. ജിംനേഷ്യങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരുവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് ബോ‌‌ഡി ബിൽഡിംഗ് ആന്റ് ഫിറ്റ്നസ് അസോസിയേഷൻ.

ബോഡിബിൽഡിംഗ് മേഖലയിലെ പ്രശ്‌നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ജൂൺ 18ന് സാമൂഹിക അകലം പാലിച്ച് പുഷ് അപ് ചെയ്‌ത് സമരം ചെയ്യും. ഇതിനൊപ്പം ജില്ലയിലെ മുഴുവൻ ക്ലബുകളും ഓപ്പിട്ട നിവേദനം ജില്ലാ കളക്‌ട‌ർക്ക് നൽകും.

കെ. കുഞ്ഞു മൊയ്‌തീൻ

ജില്ലാ പ്രസിഡന്റ്

ബോ‌‌ഡി ബിൽഡിംഗ് ആന്റ് ഫിറ്റ്നസ് അസോസിയേഷൻ