taxi
ഡ്രൈവറിരിക്കുന്ന മുൻ സിറ്റിനും പിൻസിറ്റുകൾക്കുമിടയിൽ സ്ഥാപിച്ച പ്രത്യേക മറ

മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിലെ ടാക്സി സ്റ്റാൻഡിൽ ചെന്നാൽ വാഹനങ്ങളൊക്കെ ഇപ്പോൾ ഇങ്ങനെയാണ്. ഡ്രൈവറിരിക്കുന്ന മുൻ സിറ്റിനും പിൻസിറ്റുകൾക്കുമിടയിൽ പ്രത്യേകമായൊരു മറ കാണാം. യാത്രക്കാരും ഡ്രൈവറും തമ്മിൽ വായുവിലൂടെപ്പോലും സമ്പർക്കമുണ്ടാവാത്ത വിധത്തിലാണ് ഈ ക്രമീകരണം. കൊവിഡ് വ്യാപനം ആശങ്കയാകുമ്പോൾ ഡ്രൈവർമാരടേയും യാത്രക്കാരടേയും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഈ സംവിധാനം ശ്രദ്ധേയമായിരിക്കുകയാണ്. മെഡിക്കൽ കോളെജിലേക്കുള്ള രോഗികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വാഹനങ്ങളിൽ കയറുമ്പോൾ വാഹനം അണുവിമുക്തമാക്കുന്നതിനൊപ്പം ഇത്തരത്തിലുള്ള പാർട്ടീഷൻ രോഗവ്യാപനം തടയാൻ ഏറെ ഉപയോഗപ്രദമാണെന്ന് ടാക്സി ഡ്രൈവർമാർ പറയുന്നു.
അക്രിലിക് ഷീറ്റ് ഉപയോഗിച്ചും ആവശ്യമില്ലാത്ത സമയത്ത് മടക്കിയും നീക്കിയും വെക്കാവുന്ന തരത്തിലുള്ള ഗ്ലാസ് പ്ലാസ്റ്റിക് മറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരോ യാത്രക്ക് ശേഷവും അണുവിമുക്തമാക്കാനുള്ള സ്‌പ്രേകളും യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള സാനിറ്റൈസറും വാഹനങ്ങളിൽ കരുതിയിട്ടുണ്ട്.
കൊവിഡ് മുൻകരുതലിന്റെ ഈ മഞ്ചേരി ടാക്സി മാതൃക ഇതിനകം നിരവധി വാഹനങ്ങളിൽ ഒരുക്കി കഴിഞ്ഞു. ജില്ലയിൽ മറ്റിടങ്ങളിലുള്ള ടാക്സി വാഹനങ്ങളിലും ഇത്തരത്തിലുള്ള പ്രതിരോധ മറകൾ ഒരുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്‌.