പരപ്പനങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ ഏറ്റവുമധികം പ്രളയദുരിതമുണ്ടായ നെടുവയിൽ കഴിഞ്ഞ രണ്ടു മാസത്തോളമായി വില്ലേജ് ഓഫീസർ ഇല്ലാതിരുന്ന പ്രശ്നത്തിന് പരിഹാരമായി. പ്രശ്നം സംബന്ധിച്ച് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് പരപ്പനങ്ങാടി സി.പി.ഐ ഘടകം റവന്യൂ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൊതുജനങ്ങൾക്ക് അത്യാവശ്യമായി വേണ്ടുന്ന സർട്ടിഫിക്കറ്റുകളും നികുതി അടയ്ക്കുന്നതിനുള്ള സൗകര്യങ്ങളുമാണ് കഴിഞ്ഞ രണ്ടുമാസത്തോളമായി മുടങ്ങിക്കിടന്നിരുന്നത്. കൊവിഡ് കാരണം മാർച്ച് മാസം മുതൽ ഓഫീസുകൾ ഒന്നും പ്രവർത്തിച്ചിരുന്നില്ലെങ്കിലും മേയ് മാസം പകുതിയോടെ 50 ശതമാനം ജീവനക്കാർ ജോലിക്കു ഹാജരായിരുന്നു. ജൂൺ മാസത്തോടുകൂടി പൂർണ്ണ തോതിൽ ഓഫീസ് പ്രവർത്തിച്ചിരുന്നുവെങ്കിലും വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ ഒരു സർട്ടിഫിക്കറ്റും ജനങ്ങൾക്ക് കിട്ടിയിരുന്നില്ല.തിരുവനന്തപുരം സ്വദേശി പി.എസ്. രാജേഷാണ് തിങ്കളാഴ്ച ഉച്ചയോടെ നെടുവ വില്ലേജ് ഓഫീസറായി ചാർജ്ജെടുത്തത്.


മുടങ്ങിക്കിടന്നിരുന്ന പ്രവൃത്തികളെല്ലാം കഴിയാവുന്ന വേഗത്തിൽ ചെയ്തു തീർക്കും. പ്രളയവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും പഠിച്ചു വരികയാണ്.

പി.എസ്. രാജേഷ്

വില്ലേജ് ഓഫീസർ