പൊന്നാനി: 1969 ജൂൺ 16ന് ഇ.എം.എസ് സർക്കാർ തിരുവനന്തപുരത്തുവെച്ച് മലപ്പുറം ജില്ലാ രൂപീകരണ പ്രഖ്യാപനം നടത്തുമ്പോൾ ഇങ്ങകലെ പൊന്നാനിയിൽ ഒരു തറവാട്ടു മുറ്റത്ത് ഒരു കൂട്ടം യുവാക്കൾ ഒരു തൈ നട്ടു. ഇന്നത് മലപ്പുറത്തിനൊപ്പം വളർന്ന് പന്തലിച്ച് വടവൃക്ഷമായി മാറിയിരിക്കുന്നു. പൊന്നാനി അങ്ങാടിയിലെ പാടാരിയകം തറവാട്ടു മുറ്റത്ത് അന്നുനട്ട ഒട്ടുമാവിൻ തൈ 51 വർഷം പിന്നിടുമ്പോൾ മലപ്പുറം ജില്ലയുടെ കിതപ്പിന്റെയും കുതിപ്പിന്റെയും കഥകൾ പങ്കുവെക്കുന്നു.
വലിയ ചർച്ചകൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും ഒടുവിലാണ് മലപ്പുറം ജില്ല രൂപീകൃതമായത്. അക്കാലത്ത് രാഷ്ട്രീയ സാമൂഹ്യ ചർച്ചകൾ കൊണ്ട് സജീവമായിരുന്നു കയ്യാല കമ്മിറ്റികൾ. വലിയ വീടുകളുടെ ഉമ്മറ കോലായകളിൽ ഒത്തുകൂടുന്ന സൗഹൃദ സംഘമാണ് കയ്യാല കമ്മിറ്റികൾ. ഒട്ടുമിക്ക തറവാട്ടുവീടുകളിലും കയ്യാല കമ്മിറ്റികളുണ്ടാകും. പാടാരിയകം തറവാട്ടിലെ കയ്യാല കമ്മിറ്റി മലപ്പുറം ജില്ല രൂപീകരണം ആഘോഷമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കതീന വെടി പൊട്ടിക്കലും മധുരവിതരണവും നടന്നു.
ജില്ല രൂപീകരണത്തിന്റെ സ്മരണക്കായി ഒരു ഓർമ്മ മരം നടാനും കയ്യാല കമ്മിറ്റി തീരുമാനിച്ചു. ജില്ല രൂപീകരണ പ്രഖ്യാപനം നടന്ന വൈകുന്നേരം മരം നടാൻ കമ്മിറ്റിക്കാർ ഒത്തുകൂടി. കമ്മിറ്റി പ്രസിഡന്റ് കുഞ്ഞഹമ്മദ് കുട്ടി തൈനട്ടു. പൊന്നാനിയിലെ ആദ്യകാല വർക്ക്‌ഷോപ്പായ പോളിമെക്കിന്റെ സ്ഥാപകനായിരുന്നു. ഇരുപതോളം പേർ പാടാരിയകം കയ്യാല കമ്മിറ്റിയിലുണ്ടായിരുന്നു. ജില്ലക്കായി നട്ടമരത്തിന് കമ്മിറ്റിക്കാർ തന്നെ വെള്ളവും സംരക്ഷണവും നൽകി.
വളർന്നു പന്തലിച്ച ഈ ഓർമ്മ മരം ഇന്ന് വളർച്ചയുടെ പാരമ്യത്തിലാണ്. ചില്ലകൾ വെട്ടിയൊതുക്കി സംരക്ഷിച്ചു നിറുത്തുകയാണ് വീട്ടുകാർ. വേണ്ടുവോളം തണലും തേൻ മധുരമുള്ള മാങ്ങയും നൽകുമ്പോഴും ഓർമ്മ മരത്തിന്റെ സ്മരണകളെ ആവേശത്തോടെയാണ് വീട്ടുകാർ കാണുന്നത്. മരം നടൽ കാട്ടികൂടലുകളായി മാറുന്ന പുതിയ കാലക്രമത്തിൽ മരമെങ്ങനെ നിത്യസ്മാരകങ്ങളാക്കാമെന്നതിന്റെ ഉത്തമ മാതൃകയാവുകയാണ് പാടാരിയകം തറവാട്ടു മുറ്റത്തെ ഓർമ്മ മരം.