മലപ്പുറം: ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം അവഗണിച്ച് കൊവിഡ് പ്രത്യേക ആശുപത്രിയായ മഞ്ചേരി മെഡിക്കൽ കോളേജിൽ സാമ്പിൾ പരിശോധനയ്ക്കായി ആളുകളെ കൂട്ടത്തോടെ എത്തിക്കുന്നു. രോഗലക്ഷണങ്ങൾ ഉള്ളവരെയും ഇല്ലാത്തവരെയും ഒരുമിച്ച് ഒരുറൂമിൽ ഇരുത്തുന്നത് രോഗ വ്യാപന ഭീതി സൃഷ്ടിക്കുന്നുണ്ട്. രാവിലെ എത്തുന്ന ഗർഭിണികൾ പോലും പരിശോധന പൂർത്തിയാക്കി ഉച്ചയോടെയാണ് മടങ്ങുന്നത്. ഗർഭിണികൾക്കായി പ്രത്യേക സമയം അനുവദിക്കണമെന്ന നിബന്ധനയും പാലിക്കപ്പെടുന്നില്ല. പരിശോധനയ്ക്കെത്തുന്നവരുടെ യാത്രാവിവരങ്ങൾ ശേഖരിക്കാൻ തന്നെ ഏറെ സമയമെടുക്കുന്നുണ്ട്. ശേഷം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ മറ്റൊരു മുറിയിലേക്ക് മാറ്റും. ആളുകളുടെ എണ്ണക്കൂടുതൽ മൂലം ഒരുമീറ്റർ അകലം പാലിച്ച് നിൽക്കാനുള്ള സൗകര്യമില്ല. കൂട്ടത്തോടെ നിൽക്കുന്ന കാഴ്ച്ചയാണിവിടെയുള്ളത്. ഒരാളുടെ സാമ്പിൾ പരിശോധനയ്ക്ക് കാൽമണിക്കൂറോളം സമയം വേണം.
മഞ്ചേരി മെഡിക്കൽ കോളേജിലെ കൊവിഡ് പരിശോധനയിലും ഐസൊലേഷൻ വാർഡിലെ ക്രമീകരണങ്ങളിലും വ്യാപക ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്. കൊവിഡ് ഇല്ലാത്തവരും ഇവിടെ എത്തിയാൽ രോഗികളായി മാറുമെന്ന ആശങ്കയാണ് പരിശോധനയ്ക്കെത്തുന്നവർ പങ്കുവയ്ക്കുന്നത്. രോഗസാദ്ധ്യത മുൻനിറുത്തി എയർപോർട്ടിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ് പരിശോധനയ്ക്ക് തീരുമാനിച്ചതിന് പിന്നാലെ 12 പേരെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. ഇവിടത്തെ അനാസ്ഥ ബോദ്ധ്യപ്പെട്ടതോടെ മഞ്ചേരിയിലേക്ക് പരിശോധനയ്ക്ക് കൊണ്ടുപോവേണ്ടെന്ന് എയർപോർട്ട് അതോറിറ്റി തീരുമാനിച്ചു. എയർപോർട്ടിൽ തന്നെ മൊബൈൽ കളക്‌ഷൻ സെന്റർ ഒരുക്കും.
ആശുപത്രിയുടെ ഒന്നാംനിലയിലാണ് കൊവിഡ് പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരിക്കുന്നത്. ഇതിനോട് ചേർന്ന് തന്നെയാണ് നിരീക്ഷണ വാർഡും. പൂർണ്ണ ഗർഭിണികളടക്കം കോണികയറി വേണം പരിശോധനയ്ക്കെത്താൻ. തീർത്തും അവശരായവർ പോലും ഇത്തരത്തിൽ കയറേണ്ടി വരുന്നുണ്ട്. ലിഫ്റ്റ് സംവിധാനമുണ്ടെങ്കിലും രോഗവ്യാപനത്തിന് വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടി രോഗികളെ ഇതുപയോഗിക്കാൻ അനുവദിക്കുന്നില്ല. ജീവനക്കാരാണ് ലിഫ്റ്റ് ഉപയോഗിക്കുന്നത്.
നഗ്നമായ ലംഘനം
ഗൾഫിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തി വീടുകളിലെ ക്വാറന്റൈനിൽ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പുതന്നെ സ്വന്തം നിലയ്ക്ക് പരിശോധനയ്ക്ക് എത്തുന്നവരുണ്ട്. സ്വന്തം വാഹനങ്ങളിലും ടാക്സികളിലുമാണ് ഇവരെത്തുന്നത്. പ്രകടമായ രോഗലക്ഷണങ്ങളുള്ളവർ പോലും ഇത്തരത്തിൽ എത്തുന്നുണ്ട്. ആശുപത്രിയിലേക്ക് നേരിട്ടെത്തരുതെന്ന ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം നിലനിൽക്കുമ്പോഴാണിത്. 108 ആംബുലൻസ് കിട്ടാനുള്ള പ്രയാസം ചൂണ്ടിക്കാട്ടി നിരീക്ഷണ ചുമതലയുള്ള ചില നേഴ്സുമാർ തന്നെ ആളുകളോട് സ്വന്തം വാഹനത്തിൽ പോവാൻ ആവശ്യപ്പെടുന്നുണ്ട്.
പരിശോധനയ്ക്ക് എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരരുതെന്നും ഗർഭിണികൾക്ക് പ്രത്യേക സമയം നൽകണമെന്നും കർശന നിർദ്ദേശം നൽകിയിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നതിന് പകരം ജില്ലയിൽ ഒമ്പതോളം കളക്ഷൻ സെന്റർ ഒരുക്കാനുള്ള ശ്രമത്തിലാണ്. പൊന്നാനി, കുറ്റിപ്പുറം, കൊണ്ടോട്ടി, അരീക്കോട് ബ്ലോക്ക് തലത്തിൽ കളക്ഷൻ സെന്ററുകളിലേക്കായി ജീവനക്കാർക്ക് പരിശീലനമേകുന്നുണ്ട്.
ഡി.എം.ഒ ഡോ. കെ. സക്കീന