electricity
റഹീസിന്റെയും റമീസയുടെയും വീട്ടിലേക്ക് വൈദ്യുതിയെത്തിക്കുന്നതിനായുള്ള ചർച്ചയിൽ തീരുമാനമായപ്പോൾ

കുറ്റിപ്പുറം: പത്തുവർഷമായിട്ടും വൈദ്യുതി ഇല്ലാത്ത തവനൂരിലെ അബ്ദുറഹ്മാന്റെ വീട്ടിൽ ഒടുവിൽ വൈദ്യുതി കണക്‌ഷൻ ലഭിക്കാൻ വഴിയൊരുങ്ങി. പാടത്തിന് നടുവിൽ ഒറ്റപ്പെട്ടു കഴിയുന്ന അബ്ദുറഹ്മാന്റെ കുടുംബത്തിന്റെ ദുരവസ്ഥ സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെ.പി.സി.സി അംഗം അഡ്വ. കെ. ശിവരാമൻ നടത്തിയ ഇടപെടലുകളാണ് വിജയം കണ്ടത് . അബ്ദുറഹ്മാന്റെ വീട്ടിലേക്ക് അയൽവാസിയായ സി. എച്ച്. വിജയകുമാറന്റെ ഭൂമിയിൽ നിന്ന് നാലടി വഴി അബ്ദുറഹ്മാനും കുടുംബത്തിനും അനുവദിച്ചു. ആനുപാതികമായ സ്ഥലം വിജയകുമാറിന് സ്വന്തം സ്ഥലത്ത് നിന്ന് വിട്ടുകൊടുക്കാൻ അബ്ദുറഹ്മാനും സമ്മതിച്ചു. അനുവദിച്ച വഴിയിൽ അബ്ദുറഹ്മാന്റെ വീട്ടിലേക്ക് ഇലക്ട്രിക് പോസ്റ്റിട്ട് ലൈൻ വലിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളില്ലെന്ന് കെ എസ്ഇബി അസി. എൻജിനീയർ കെ.പി.ബിജു അറിയിച്ചു. 2017 ൽ തന്നെ അബ്ദുറഹ്മാന് വൈദ്യുതി ലഭിക്കുന്നതിനുള്ള സാഹചര്യമൊരുങ്ങിയിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ മൂലം പരിഹാരമായിരുന്നില്ല. യോഗത്തിൽ ഇ. ഒ വിജയ് തിലകൻ, ഹസ്സൻ. കെ പി. അബ്ദുള്ള, അമ്മായത് അജയ്, സി.എം. ഇബ്രാഹിം. ഇ.പി. സെയ്ദ് ജമീൽ, പി.കെ .ശിവദാസ് എന്നിവർ സംബന്ധിച്ചു