മലപ്പുറം: ജില്ലയിൽ ഒരുകുടുംബത്തിലെ നാലുപേരടക്കം 15 പേർക്ക് ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആറുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഏഴ് പേർ വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ജൂൺ 11ന് കുവൈത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂർ വഴിയെത്തിയ കൊണ്ടോട്ടി കൊട്ടപ്പുറം തുറയ്ക്കൽ സ്വദേശിനി( 28), ഇവരുടെ മക്കളായ എട്ട് വയസുകാരൻ, രണ്ടു വയസുകാരൻ, ഒരു വയസുകാരി എന്നിവരാണ് രോഗം ബാധിച്ച ഒരുകുടുംബത്തിലെ നാലുപേർ. അങ്ങാടിപ്പുറം ചെരക്കാപ്പറമ്പ് സ്വദേശിക്കാണ്(56) സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ജൂൺ ആറിന് വൈറസ് ബാധ സ്ഥിരീകരിച്ച കുറുവ പാങ്ങ് സ്വദേശിയുമായാണ്(41) ഇയാൾക്ക് സമ്പർക്കമുണ്ടായത്. ജൂൺ 11ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴി തിരിച്ചെത്തിയ പുത്തൂർ പള്ളിക്കൽ സ്വദേശി(37), ജൂൺ നാലിന് മുംബൈയിൽ നിന്ന് പ്രത്യേക തീവണ്ടിയിൽ കോഴിക്കോട് വഴി നാട്ടിലെത്തിയ കരുവാരക്കുണ്ട് അരിമണൽ സ്വദേശി(29), ചെന്നൈയിൽ നിന്ന് ജൂൺ രണ്ടിന് തിരിച്ചെത്തിയ പറപ്പൂർ സ്വദേശി( 21), പുൽപ്പറ്റ ഞാവലുങ്ങൽ കോലോത്തുംപടി സ്വദേശി (22), ബംഗളൂരുവിൽ നിന്ന് മേയ് 28ന് സ്വകാര്യബസിൽ നാട്ടിലെത്തിയ മഞ്ചേരി നെല്ലിക്കുത്ത് സ്വദേശി(61) , മേയ് 28ന് മുംബൈയിൽ നിന്ന് സ്വകാര്യ വാഹനത്തിൽ ഒരുമിച്ചെത്തിയ കരുവാരക്കുണ്ട് വാക്കോട് സ്വദേശിനി(32), ബന്ധുവായ കരുവാരക്കുണ്ട് വാക്കോട് സ്വദേശി(16), കുവൈത്തിൽ നിന്ന് ജൂൺ 11ന് കരിപ്പൂർ വഴി വീട്ടിലെത്തിയ പുളിക്കൽ ആന്തിയൂർക്കുന്ന് ആൽപ്പറമ്പ് സ്വദേശി( 59), ജൂൺ ഏഴിന് ഖത്തറിൽ നിന്ന് കൊച്ചി വഴി നാട്ടിൽ തിരിച്ചെത്തിയ തിരൂർ തുഞ്ചൻപറമ്പ് സ്വദേശി( 34) , മേയ് 31ന് ദുബായിൽ നിന്ന് കരിപ്പൂർ വഴി തിരിച്ചെത്തിയ വാഴയൂർ പുഞ്ചപ്പാടം സ്വദേശിനിയായ ഗർഭിണി(23) വയസുകാരി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ജാഗ്രത വേണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കൊവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.