പൊന്നാനി: ഭാരതപ്പുഴയോരത്തെ വെള്ളപ്പൊക്ക ഭീഷണി നേരിടാൻ നടപടികൾ തുടങ്ങി. കർമ്മ റോഡിന്റെ അടിഭാഗത്ത് ഭാരതപ്പുഴയോട് ചേർന്ന് സ്ഥാപിച്ച വലിയ ഓവുകളിൽ അഞ്ചെണ്ണം അടച്ചു.
കരയിലെയും കർമ്മ റോഡിന്റെ പാർശ്വ പ്രദേശങ്ങളിലെയും വെള്ളക്കെട്ട് പുഴയിലേക്ക് ഒഴുക്കാനാണ് ഈ ഓവുകൾ റോഡിനടിയിൽ നിർമ്മിച്ചത്. പുഴയിൽ ജലനിരപ്പുയരുമ്പോൾ ഇതേ ഓവുകൾ വഴി വെള്ളം കരയിലേക്ക് കയറുന്നത് വെള്ളപ്പൊക്കത്തിനിടയാക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം നിലനിരപ്പും ഒഴുക്കും വെള്ളപ്പൊക്ക ഭീഷണിയും സംബന്ധിച്ച് പഠിക്കാൻ ഉന്നതതല സംഘം സ്ഥലത്തെത്തിയിരുന്നു. കർമ്മ റോഡിനടിയിലെ ഓവുകളാണ് വെള്ളപ്പൊക്കമുണ്ടാക്കുന്നതെന്ന വാദം അതേപടി അംഗീകരിക്കാൻ വിദഗ്ദ്ധ സമിതി തയ്യാറായിട്ടില്ല.കർമ്മ റോഡിന്റെയും ഓവുചാലുകളുടെയും നിർമ്മാണം നടക്കുന്നതിന് എത്രയോ മുൻപ് ഈഴുവത്തിരുത്തിയിൽ പുറമ്പോക്കിലും മറ്റും വെള്ളപ്പൊക്കമുണ്ടായിരുന്നത് നാട്ടുകാർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
ജനങ്ങളുടെ ആശങ്ക അകറ്റാനും താത്ക്കാലികവും അടിയന്തരവുമായ പരിഹാരം കാണാനുമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓവുചാൽ അടച്ചത്. വെള്ളപ്പൊക്കമുണ്ടായാൽ ഉടൻ സമാശ്വാസമെത്തിക്കാനുള്ള നടപടികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. പ്രളയഭീഷണി നേരിടാൻ വിവിധ സംവിധാനങ്ങൾ സജ്ജമാണ്.
സി.പി മുഹമ്മദ് കുഞ്ഞി
നഗരസഭാ ചെയർമാൻ