മലപ്പുറം: കൊവിഡ് മൂലം സംസ്ഥാനത്തെ ഡിസബിലിറ്റി ക്ലിനിക്കുകൾ അടക്കമുള്ള ചികിത്സാ സംവിധാനങ്ങൾ നിർത്തിയപ്പോൾ ആശങ്കയിലായ രക്ഷിതാക്കൾക്ക് കൈത്താങ്ങാവുകയാണ് ജില്ലയിലെ ടെലി റീഹാബിലിറ്റേഷൻ പദ്ധതി. ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെയും കാലിക്കറ്റ് സർവകലാശാല സി.ഡി.എം.ആർ.പിയുടെയും നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി ഇതിനകം 5,000ത്തോളം പേർ പ്രയോജനപ്പെടുത്തി. ഭിന്നശേഷി കുട്ടികൾക്കാവശ്യമായ തെറാപ്പി സംവിധാനങ്ങൾ ഫോൺ മുഖേന രക്ഷിതാക്കൾക്ക് നൽകുകയും തെറാപ്പിസ്റ്റിന്റെ നിർദ്ദേശങ്ങൾ കുട്ടികൾ വീട്ടിൽ പരിശീലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റിഹാബ് സൈക്കോളജിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ്, സ്‌പെഷ്യൽ എഡ്യുക്കേറ്റേർസ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരടങ്ങുന്നതാണ് ടെലി- റിഹാബ് സംഘം.
ബുദ്ധി വികാസ വൈകല്യം, ഓട്ടിസം, എ.ഡി.എച്ച്.ഡി, സെറിബ്രൽ പാൾസി, ഡൗൺ സിഡ്രം, സംസാര വൈകല്യം, ശാരീരിക വൈകല്യം, പഠന വൈകല്യം എന്നീ അവസ്ഥകളിലുള്ള കുട്ടികൾ ലോക് ഡൗൺ സമയത്ത് വീട്ടിലായത് കാരണം ഉണ്ടാകാവുന്ന സ്വഭാവ, പെരുമാറ്റ, ശാരീരിക പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരങ്ങളും തെറാപ്പിയുമായി ബന്ധപെട്ട നിർദ്ദേശങ്ങളുമാണ് ടെലി റിഹാബിലൂടെ നൽകുന്നത്. ഏപ്രിൽ 20 ന് കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് നടപ്പിലാക്കിയ ഈ പദ്ധതി തുടർന്ന് മലപ്പുറത്തേക്കും വ്യാപിപ്പിക്കാകയായിരുന്നു. കേരളത്തിന് പുറത്തും ഗൾഫിലും ലക്ഷദ്വീപിലുമുള്ള മലയാളികൾക്കടക്കം നിരവധി പേർക്ക് വിവിധ തെറാപ്പി പരിശീലനങ്ങൾ ഈ പദ്ധതി വഴി നൽകിയിട്ടുണ്ട്.
കുട്ടികൾക്കുള്ള പരിശീലന പ്രവർത്തനങ്ങൾ വീട്ടിൽ തന്നെ നൽകുന്നതിനാവശ്യമായ മാർഗ്ഗരേഖകളും ഹോം പ്രോഗ്രാമിന്റെ ഭാഗമായി ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്കായി 50ലേറെ പരിശീലന വീഡിയോകളും തയ്യാറാക്കി യൂടൂബ്, വാട്ട്‌സ് ആപ് എന്നിവ വഴി നൽകുന്നുണ്ട്. 53,000 ആളുകൾ ഈ വീഡിയോകൾ ഇതിനകം കണ്ടിട്ടുണ്ട്.
ഭിന്നശേഷി കുട്ടികളുടെ പരിചരണത്തിനായി തയ്യാറാക്കിയ മാർഗ്ഗരേഖ യുനെസ്‌കോ ഔദ്യോഗികമായി അംഗീകരിച്ചത് ഈ പദ്ധതിയുടെ നേട്ടമാണ്
പി.കെ റഹീമുദ്ധീൻ, ക്ലിനിക്കൽ സെെക്കോളജിസ്റ്റ്, സി.ഡി.എം.ആർ.പി