കുറ്റിപ്പുറം: ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ പുഴമത്സ്യങ്ങൾക്ക് ആവശ്യക്കാർ ഏറുന്നു. പലപ്പോഴും ആവശ്യത്തിന് മത്സ്യം കൊടുക്കാനില്ലാത്ത അവസ്ഥയാണെന്ന് നരിപ്പറമ്പിലെയും തിരുന്നാവായയിലെയും മത്സ്യ വിൽപ്പനക്കാർ പറയുന്നു. കടൽമത്സ്യത്തെക്കാൾ രുചികരമാണെന്നതും ഒപ്പം പിടികൂടി ഉടനടി വിൽക്കുന്നവ ആയതിനാലും ഇവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ചമ്രവട്ടം പാലത്തിനടിയിലും കർമ്മ റോഡിലുമായി പലരും രാത്രിയും പുലർച്ചയും വഞ്ചികളുമായും ചൂണ്ടലുമായും പുഴ മത്സ്യം പിടിക്കാൻ വരുന്നുണ്ട്. ഇത് കൂടാതെ കർമ്മ റോഡിൽ പുഴയോരത്ത് കുടിൽകെട്ടി വട്ടവഞ്ചിയിൽ പുഴമത്സ്യം പിടികൂടുന്ന അന്യസംസ്ഥാനക്കാരുമുണ്ട്. ഇവരുടെ അടുത്ത് മത്സ്യം വാങ്ങുവാൻ ഒരുപാട് പേർ എത്തുന്നുണ്ട്. ചിലർ വീടുകളിലേക്കും മറ്റ് ചിലർ വിൽപ്പനയ്ക്കുമായാണ് ഇവയെ പിടികൂടുന്നത്. ചമ്രവട്ടം പാലത്തിന് രണ്ട് അറ്റത്തുമായി പുഴ മത്സ്യം വിൽക്കുന്ന ഒട്ടേറെ കടകളുണ്ട്.
എന്തെല്ലാം വെറൈറ്റി
പുഴഞണ്ട്, കയ്യേരി, ചെമ്പല്ലി, മാലാൻ, കോലാൻ, പൂവാൻ, പ്ലാച്ചി, കരിമീൻ, പൊരിക്ക്, കുറുന്തല തുടങ്ങിയ പുഴമത്സ്യങ്ങളുടെ നീണ്ടനിര തന്നെ ഇവിടെ കിട്ടും. കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ കരിമീനിന് തന്നെയാണ്. അവധി ദിവസങ്ങളിലാണ് പുഴമത്സ്യത്തിന് ആവശ്യക്കാർ കൂടുന്നത്. കരിമീനും മാലാനുമൊക്കെ മുമ്പ് ഇഷ്ടംപോലെ കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ കുറവാണ്. എടപ്പാൾ, പൊന്നാനി ഭാഗങ്ങളിൽ പുഴമത്സ്യങ്ങൾ ലഭിക്കുന്ന ഹോട്ടലുകളുണ്ട്. പുലർച്ചെ പിടികൂടുന്ന പുഴമത്സ്യം വാങ്ങുവാൻ ദൂരെനിന്ന് പോലും നരിപ്പറമ്പിൽ ആളുകൾ എത്താറുണ്ട്. പക്ഷെ പുഴമത്സ്യങ്ങൾക്ക് ഭീഷണിയാകുന്നത് പുഴയിൽ മനുഷ്യർ കളയുന്ന പ്ലാസ്റ്റിക്മാലിന്യങ്ങളാണ്. ഓരോദിനം കഴിയുംതോറും പുഴയിൽ പ്ലാസ്റ്റിക് മാലിന്യം നിറയുകയാണ്. പുഴ നശിക്കുന്നതിൽ ഏറ്റവും കൂടുതൽ കാരണമാകുന്നത് പ്ലാസ്റ്റിക്കാണ്.പ്ലാസ്റ്റിക് മത്സ്യങ്ങളുടെ പ്രജനനത്തെ കാര്യമായി ബാധിക്കുന്നു. കർമ്മ റോഡിന്റെ ഭാഗത്താണ് പ്ലാസ്റ്റിക് മാലിന്യം കൂടുതൽ പുഴയിൽ നിക്ഷേപിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യം ഓരോ ദിവസം കൂടി വരുന്ന അവസ്ഥയാണ്. പുഴമത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ ഇത് കാര്യമായി ബാധിക്കുന്നുണ്ട്. മത്സ്യങ്ങളുടെ ലഭ്യതയും കുറയുന്നുണ്ട്.
പാറലകത്ത് യാഹൂട്ടി, ചമ്രവട്ടത്ത് സ്ഥിരമായി മീൻ പിടിക്കുന്നയാൾ