covid
കൊവിഡ് പ്രതിരോധം ക്ലിപ്പ് ആർട്ട്

പൊന്നാനി: കൊവിഡ് 19ന്റെ ഭാഗമായി നിരീക്ഷണത്തിലുള്ളവർക്ക് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ആയുർവേദ ഔഷധങ്ങൾ നൽകുന്ന അമൃതം പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണം. സംസ്ഥാന ആയുർവേദ റെസ്‌പോൺസ് സെല്ലിന്റെ മാർഗ നിർദേശമനുസരിച്ച് ജില്ലയിലെ 115 സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ പദ്ധതി നടപ്പാക്കി കഴിഞ്ഞു. ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന അയ്യായിരത്തിലധികം പേർ ഇതിനകം പദ്ധതിയുടെ ഭാഗമായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം) ഡോ.കെ സുശീല പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നിരീക്ഷണത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുകയും അവരെ ഫോണിൽ വിളിച്ച് പദ്ധതിയെപ്പറ്റി വിശദീകരിക്കുകയും ചെയ്യും. തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആദ്യ 14 ദിവസത്തേക്കുള്ള ആയുർവേദ മരുന്നുകൾ നൽകും. കഷായം, ഗുളിക, ചൂർണം തുടങ്ങിയവയാണ് നൽകുന്നത്. സ്ഥാപനങ്ങളിൽ നിരീക്ഷണത്തിലുളളവർക്ക് ദിവസേന കഷായം പാകം ചെയ്തു നൽകും. തുടർന്ന് ഇവരുടെ വിവരങ്ങൾ ഫോണിലൂടെ ശേഖരിക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും മരുന്ന് കൊടുത്തവരുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ സംസ്ഥാന സെല്ലിന് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നിരീക്ഷണത്തിൽ കഴിയുന്നവർക്ക് അതത് തദ്ദേശ സ്ഥാപന പ്രതിനിധികളുമായോ സർക്കാർ ആയുർവേദ മെഡിക്കൽ ഓഫീസറുമായോ ബന്ധപ്പെട്ടാൽ പദ്ധതിയുടെ വിവരങ്ങൾ ലഭിക്കും. ഭാരതീയ ചികിത്സാ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് മുഴുവൻ സ്ഥാപനങ്ങളിലും മരുന്നുകൾ എത്തിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ 10 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മരുന്നുകളും സ്ഥാപനങ്ങളിലെത്തിയിട്ടുണ്ട്. കൊവിഡ് രോഗമുക്തി നേടിയവർക്കായുള്ള സർക്കാരിന്റെ പുനർജനി പദ്ധതിയും ജില്ലയിൽ പുരോഗമിക്കുന്നു. ജില്ലയിലെ മുഴുവൻ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലും നടന്നുവരുന്ന പദ്ധതികൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചു.