kuttippuram
അഡ്വ. കെ.ശിവരാമനും കെ.എസ്.ഇ.ബി ജീവനക്കാരും അബ്ദുറഹ്മാന്റെ വീട്ടിൽ വീട്ടിൽ വെളിച്ചം തെളിയിച്ചപ്പോൾ

കുറ്റിപ്പുറം : പത്തുവർഷമായി വൈദ്യുതി ഇല്ലാതെ കഴിയുകയായിരുന്ന അതളൂരിലെ അബ്ദുറഹ്മാന്റെ വീട്ടിൽ വൈദ്യുതി ലഭിച്ചു. ഇതോടെ വൈദ്യുതി ഇല്ലാതെ പഠനം മുടങ്ങിയ അബ്ദുറഹിമാന്റെ മക്കളായ റഹീസിനും റമീസക്കും വെളിച്ചത്തിൽ ഇരുന്ന് പഠിക്കാം. വീട്ടിൽ വൈദ്യുതി ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയത് സംബന്ധിച്ച കേരളകൗമുദി വാർത്ത ശ്രദ്ധയിൽപെട്ട കെ.പി.സി.സി അംഗവും മുൻ യുവജന കമ്മീഷൻ അംഗവുമായ അഡ്വ. കെ.ശിവരാമന്റെ നിരന്തര ഇടപെടലിലാണ് അബ്ദുറഹ്മാന്റെ വീട്ടിൽ കറന്റ് കണക്ഷൻ ലഭിക്കാൻ കാരണമായത്. ഇതിനുവേണ്ടി സ്ഥലം വിട്ടുനൽകിയ സി.എച്ച്.വിജയകുമാർ, വിജയതിലകൻ എന്നിവരുമായി ശിവരാമൻ ചർച്ച നടത്തുകയും തുടർന്ന് സ്ഥലമുടമ നൽകുന്ന ഭൂമിക്ക് ആനുപാതികമായ സ്ഥലം വിട്ടുനൽകാൻ അബ്ദുറഹ്മാനും തയാറായി ഇതോടെ തടസങ്ങൾ നീങ്ങിയെന്നും വൈദ്യുതി കണക്ഷൻ ഉടൻ നൽകാമെന്ന് കെ.എസ്.ഇ.ബി തവനൂർ അസിസ്റ്റന്റ് എഞ്ചിനീയർ കെ. പി. ബിജു അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ രാവിലെ വൈദ്യുതി പോസ്റ്റ് സ്ഥാപിക്കുകയും വൈകീട്ട് ആറു മണിയോടെ അബ്ദുറഹിമാന്റെ വീട്ടിൽ വെളിച്ചം തെളിയുകയും ചെയ്തു. വൈദ്യുതി സ്വിച് ഓൺ കർമ്മം കെ ശിവരാമൻ നടത്തി. തവനൂർ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ബിജു.പി.കെ, സബ് എഞ്ചിനീയർ സന്തോഷ് കുമാർ, ഹസ്സൻ. കെ.പി, അബ്ദുള്ള അമ്മായത്ത്, അജയ്. സി.എം, വിജയതിലകൻ, കുഞ്ഞുമുഹമ്മദ് അയ്യങ്കലം, റാഫി അതളൂർ തുടങ്ങിയവർ പങ്കെടുത്തു