മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ 537 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 13,242 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 381 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കൽ കോളജിൽ 312 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ആറ് പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആറ് പേരും തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 55 പേരുമാണ് ചികിത്സയിലുള്ളത്. 11,843 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 1,018 പേർ കോവിഡ് കെയർ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു.
ചികിത്സയിലുള്ളത് 221 പേർ
കൊവിഡ് 19 സ്ഥിരീകരിച്ച് ജില്ലയിൽ 221 പേരാണ് നിലവിൽ മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ 314 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,855 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 965 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.