cccc
.

മലപ്പുറം: വിദേശത്ത് നിന്നെത്തിയ മകനെ ക്വാറന്റൈന് ശേഷവും വീട്ടിൽ കയറ്റാൻ വിസമ്മതിച്ചു ആ പിതാവ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. രോഗത്തോടുള്ള ഭീതി പുത്രസ്നേഹത്തെയും മറികടന്ന് ഉയർന്നതാണ് കാരണം.

കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾ മൂലം മനുഷ്യരിൽ മാനസിക അസ്വസ്ഥതകൾ വലിയ തോതിൽ വർദ്ധിക്കുന്നതായി ജില്ലയിലെ മാനസികാരോഗ്യ പ്രവർത്തകർ പറയുന്നു. ജോലി നഷ്ടപ്പെടുന്നവർ, ഉന്നത പഠനം നഷ്ടമാവുന്നവർ, നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിക്ക് കയറാൻ സാധിക്കാത്തവർ, കൊവിഡ് വരുമോ എന്ന പേടികാരണം ജോലിക്ക് പോകാത്തവർ തുടങ്ങി നിരവധി പേരാണ് ജില്ലയിലെ മാനസികാരോഗ്യ പ്രവർത്തകരെ ദിവസവും സമീപിക്കുന്നത്.

ക്ലിനിക്കൽ തലത്തിൽ കൈകാര്യം ചെയ്യേണ്ട രീതിയിലേക്ക് പല കേസുകളും പോകുന്നില്ലെങ്കിലും പൊതുവേ ഉത്കണ്ഠ വർദ്ധിക്കുന്നതായി സൈക്കോളജിസ്റ്റുകൾ പറയുന്നു. കൊവിഡ് മൂലം ഭാവി എന്താകും എന്ന് ചിന്തിച്ച് വ്യാകുലപ്പെടുന്നവരാണ് കൂടുതലും.

ക്വാറന്റൈനിലുള്ളവർ, പ്രായമായവർ, ഗർഭിണികൾ എന്നിവരാണ് പ്രധാനമായും സൈക്കോളജിസ്റ്റുകളുടെ ഉപദേശം തേടുന്നത്.

സൗകര്യങ്ങളുണ്ട്

മാനസിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർക്ക് ആരോഗ്യവകുപ്പിന് കീഴിലുള്ള

ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള പ്രതീക്ഷ പ്രൊജക്ടിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സഹായം തേടാം.

നിലവിൽ നൂറോളം ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.

മാനസിക അസ്വസ്ഥതകൾ നേരിടുന്ന പൊതു ജനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. പ്രതീക്ഷ ഹെൽപ് ലൈൻ നമ്പർ-7593843625, 7593843617

54134 പേർ

മാർച്ച് 10 മുതൽ ജൂൺ 17 വരെ

പ്രതീക്ഷ ഹെൽപ്പ് ലൈൻ പദ്ധതിയുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർ സെെക്കോളജിസ്റ്റുകളെ സമീപിക്കണം. ഇവ‌ർക്ക് ആരോഗ്യവകുപ്പിന് കീഴിലുള്ള പ്രതീക്ഷ ഹെൽപ്പ് ലെെനിൽ ബന്ധപ്പെടാം.

മുഹമ്മദ് സാബിഹ്

ക്ലിനിക്കൽ സെെക്കോളജിസ്റ്റ്

ജില്ലാ മാനസികാരോഗ്യ പദ്ധതി