fever
.

മലപ്പുറം: മൺസൂൺ ശക്തി പ്രാപിച്ചതിന് പിന്നാലെ പകർച്ചവ്യാധികളുടെ വ്യാപനവും വർദ്ധിക്കുന്നു. ഒരാഴ്ച്ചയ്ക്കിടെ പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ 3,274 പേരാണ് ചികിത്സ തേടിയത്. വൈറൽപനി ബാധിതരുടെ എണ്ണവും കൂടുന്നുണ്ട്. കഴിഞ്ഞ മൂന്നു ദിവസമായി രോഗികളുടെ എണ്ണം ദിനംപ്രതി 500 കടക്കുന്നുണ്ട്. കൊവിഡിന് പിന്നാലെ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിരുന്നു. പനി ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തിയാൽ നിരീക്ഷണത്തിൽ ഇരിക്കേണ്ടി വരുമോയെന്ന ഭയമായിരുന്നു കാരണം. സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും പനിയുമായി എത്തുന്നവരോട് മുഖം തിരിക്കുന്നുണ്ട്. ഈ മാസം ഇതുവരെ 7,​736 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. മൺസൂൺ കാലയളവിൽ ഒരുദിവസം മാത്രം രണ്ടായിരത്തോളം പേ‌ർ ചികിത്സയ്ക്കെത്താറുണ്ടായിരുന്നു.

മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങി സ്വയംചികിത്സ ചെയ്യുകയാണ് മിക്കവരും. കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിക്കാത്തതാണ് പനി മാരകമാവാൻ കാരണമെന്ന മുന്നറിയിപ്പുകൾ അവഗണിക്കപ്പെടുകയാണ്. പനിയുടെ കാഠിന്യം കൂടുമ്പോൾ മാത്രമാണ് ആശുപത്രികളിലെത്തുന്നത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് പനിബാധിതരുടെ എണ്ണം കൂടുതലാണ്.

മൂളിയെത്തി ഡെങ്കി

ഒരാഴ്ച്ചയ്ക്കിടെ ഡെങ്കി ലക്ഷണങ്ങളോടെ 19 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ 13 കേസും കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിലാണ്. ഈ മാസം ഇതുവരെ 33 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പേകിയിരുന്നു. കൊവിഡിനെ തുടർന്ന് തദ്ദേശസ്ഥാപനങ്ങളുടെ മഴക്കാലപൂർവ്വ ശുചീകരണം യഥാവിധി നടന്നിരുന്നില്ല. ഈഡിസ് കൊതുകുകളുടെ ഉറവിടം നശിപ്പിക്കുന്നതിന് വേണ്ടി ആഴ്ച്ചയിൽ ഒരിക്കൽ പരിസര ശുചീകരണം നടത്തണമെന്ന നിർദ്ദേശം മിക്കവരും പാലിക്കുന്നില്ല. രോഗമുള്ള വ്യക്തിയെ കടിക്കുന്ന കൊതുകുകൾ ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗം പരത്താനുള്ള ശേഷി നേടും . ഒരിക്കൽ രോഗാണുവായ കൊതുക് ജീവിതകാലം മുഴുവൻ രോഗം പരത്താൻ പ്രാപ്തരാണ്. കഴിഞ്ഞ ദിവസം പുളിക്കലിൽ ഒരു മലേറിയ കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരാഴ്ച്ചക്കിടെ 874 പേർക്ക് അതിസാരം ബാധിച്ചിട്ടുണ്ട്.