മലപ്പുറം: സൗദി അറേബ്യയിൽ സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ടെസ്റ്റിന് (ആർ.ടി.പി.സി.ആർ) നൽകേണ്ടത് കാൽലക്ഷത്തിലധികം രൂപ. 1,600 റിയാൽ (32,480 രൂപ) വരെ പലയിടത്തും ഈടാക്കുന്നുണ്ട്. ഏതാനും സ്വകാര്യ ആശുപത്രികളിലേ കൊവിഡ് ടെസ്റ്റിന് സൗകര്യമുള്ളൂ. മലയാളികൾ ഏറെയുള്ള ജിദ്ദയിൽ നാല് ഫൈവ് സ്റ്റാർ ആശുപത്രികളിൽ മാത്രമാണ് സൗകര്യം. ടെസ്റ്റ് റിസൽട്ട് കിട്ടാൻ അഞ്ചു മുതൽ 10 ദിവസം വരെയെടുക്കും. രോഗലക്ഷണങ്ങളുള്ളവർക്കേ സർക്കാർ ആശുപത്രികളിൽ കൊവിഡ് പരിശോധന ലഭ്യമാവൂ. ഹെൽപ്പ് ലൈനിൽ വിളിച്ചാൽ രോഗലക്ഷണങ്ങൾ ഉറപ്പാക്കിയാണ് പരിശോധനയ്ക്ക് കൊണ്ടുപോവുക. യു.എ.ഇ ഒഴികെ മിക്ക ഗൾഫ് രാജ്യങ്ങളിലും സർട്ടിഫിക്കറ്റ് കിട്ടുക ദുഷ്കരമാണ്. ഇന്നുമുതൽ വിദേശത്ത് നിന്നെത്തുന്നവർക്ക് കൊവിഡ് സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. വന്ദേ ഭാരത് മിഷനിൽ ഇടംപിടിക്കുന്ന യാത്രക്കാരെ വിവരമറിയിക്കുന്നത് തന്നെ യാത്രയ്ക്ക് തൊട്ടുമുമ്പാണ്. ഇതോടെ ജോലി നഷ്ടപ്പെട്ടവരും ശമ്പളമില്ലാതെ കഷ്ടപ്പെടുന്നവരും ഉൾപ്പെടെ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ കടുത്ത ആശങ്കയിലാണ്.
ആർ.ടിപി.സി.ആർ ടെസ്റ്റിന് പ്രയാസമുണ്ടെങ്കിൽ ട്രുനാറ്റ്, ആന്റിബോഡി ടെസ്റ്റുകളിൽ ഏതെങ്കിലും ഒന്ന് നടത്തണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം. രോഗം കണ്ടെത്തുന്നതിലെ അവ്യക്തത ഉന്നയിച്ച് ആന്റിബോഡി ടെസ്റ്റിന് സൗദി, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ രാജ്യങ്ങളുടെ അനുമതിയില്ല. ട്രുനാറ്റ് ടെസ്റ്റും റാപ്പിഡ് ടെസ്റ്റും സൗദിയിൽ തുടങ്ങിയിട്ടില്ല. യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. 5,000 രൂപയിൽ താഴെയാണ് ചെലവ്. ഗൾഫിൽ കൊവിഡ് ബാധിച്ച് 277 മലയാളികളാണ് മരിച്ചത്. നല്ലൊരു പങ്കും സൗദിയിലും യു.എ.ഇയിലുമാണ്. സൗദിയിൽ ഒന്നരലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഒരുലക്ഷത്തോളം കേസുകൾ മലയാളികൾ ഏറെയുള്ള മക്ക, റിയാദ് പ്രവിശ്യകളിലാണ്. 80 ശതമാനം മരണവും ഇവിടങ്ങളിൽ തന്നെ.
വിമാന യാത്രയ്ക്ക് വേണ്ടി സർട്ടിഫിക്കറ്റ് അനുവദിക്കുന്ന രീതി സൗദിയിലില്ല. കൊവിഡ് ബാധിച്ചവരും അല്ലാത്തവരും ഒരു റൂമിൽ തിങ്ങിക്കഴിയേണ്ടി വരുന്നത് രോഗവ്യാപനം കൂട്ടുന്നുണ്ട്. കൊവിഡ് രോഗിയെന്ന് തെളിഞ്ഞാൽ വിമാനത്തിലേക്കല്ല, ആശുപത്രിയിലേക്കാണ് കൊണ്ടുപോവുക. ഫലത്തിൽ പ്രവാസികളുടെ വരവ് തടയുകയാണ് സർക്കാർ ചെയ്യുന്നത്.
കെ.പി.മുഹമ്മദ് കുട്ടി, സൗദി കെ.എം.സി.സി പ്രസിഡന്റ്