മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ അവസാന വാരം നടക്കുമെന്ന് ഏറെക്കുറെ തീരുമാനമായതോടെ ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം അണിയറയിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ സജീവമാക്കി.
വാർഡ്, പഞ്ചായത്ത്, നിയോജക മണ്ഡലം നേതൃയോഗങ്ങൾ വിളിച്ചുചേർത്ത് മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് പരിപാടികൾക്ക് മാസങ്ങൾക്ക് മുമ്പു തന്നെ തുടക്കം കുറിച്ചിരുന്നു. ജനുവരിയിൽ പഞ്ചായത്തിലെയും നിയോജക മണ്ഡലത്തിലെയും ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവരെ വിളിച്ചു ചേർത്ത് തിരഞ്ഞെടുപ്പ് കാര്യങ്ങൾ വിശദീകരിച്ചു. . കഴിഞ്ഞ വർഷത്തെ രാഷ്ട്രീയ പരീക്ഷണമായ ജനകീയ വികസനമുന്നണി സംവിധാനം ഇത്തവണ ആവർത്തിക്കില്ലെന്ന ഉറപ്പിലാണ് നേതൃത്വം.
തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരുടെ പേര് ചേർക്കുന്ന പ്രകിയ ഇതിനകം തന്നെ സി.പി.എം പൂർത്തിയാക്കിയിട്ടുണ്ട്. ഏരിയ, ലോക്കൽ തലങ്ങളിലുള്ള ചർച്ചകളിലേക്കൊന്നും ഇതുവരെ കടന്നിട്ടില്ല.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനായി കെ.പി.സി.സിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഓരോ പഞ്ചായത്തിലും ഒരു മുതിർന്ന നേതാവിന് ചുമതല നൽകിയിട്ടുണ്ട് കോൺഗ്രസ്. പഞ്ചായത്ത്, നിയോജക മണ്ഡലം, ജില്ലാ തലങ്ങളിൽ തിരഞ്ഞെടുപ്പ് സംബന്ധമായ യോഗങ്ങളും നടത്തി. സംഘടനാ തല പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതൃതല യോഗം ജൂൺ അഞ്ചിന് മലപ്പുറം ലീഗ് ഓഫീസിൽ ചേരും.
ബി.ജെ.പി എല്ലാ വാർഡുകളിലും തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് ജനറൽ സെക്രട്ടറി മുതൽ ജില്ലാ പ്രസിഡന്റ് വരെയുള്ളവർക്ക് ചുമതലകൾ ഭാഗിച്ചു നൽകി. ഗൃഹ സമ്പർക്ക പരിപാടി ഈ മാസം 30ഓടെ പൂർത്തിയാക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന പ്രക്രിയകൾ പുരോഗമിക്കുന്നു. ബ്ലോക്ക്, ജില്ലാ ഡിവിഷൻ തലത്തിൽ പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങൾ ഉടനെ തീർക്കും. ജില്ലയിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ മാത്രമാകും തിരഞ്ഞെടുപ്പിനെ നേരിടുക.
യു.എ. ലത്തീഫ്
മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി
സംഘടനാപരമായ വിപുലമായ തയ്യാറെടുപ്പുകൾ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് കഴിഞ്ഞാൽ തുടങ്ങും. അടിത്തട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ നടക്കുന്നുണ്ട്. ഇ.എൻ. മോഹൻദാസ്
സി.പി.എം ജില്ലാ സെക്രട്ടറി
,
ഇതിനോടകം വാർഡ് കമ്മിറ്റികളെയെല്ലാം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സജ്ജമാക്കിയിട്ടുണ്ട്. അടിത്തട്ടിലെ സംഘടനാപ്രശ്നങ്ങളിൽ പരിഹാരം കണ്ടുകൊണ്ടിരിക്കുകയാണ്
വി.വി പ്രകാശ്, ഡി.സി.സി പ്രസിഡന്റ്
ചിട്ടയായ പ്രവർത്തനം നടക്കുന്നുണ്ട്. ഓൺലൈൻ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും
രവി തേലത്ത് ,
ബി.ജെ.പി ജില്ലാ പ്രസിഡന്റ്