swea
കഴിഞ്ഞ വർഷം കടലെടുത്ത ടിപ്പുസുൽത്താൻ റോഡിന്റെ ഭാഗത്തേക്ക് വീണ്ടും കടൽ കയറിയപ്പോൾ

വള്ളിക്കുന്ന് : വീണ്ടും കാലവർഷം ശക്തിപ്രാപിക്കുമ്പോൾ ഭീതിയിലാണ് അരിയല്ലൂർ പരപ്പാൽ ബീച്ചിലെ അറുപതോളം പേർ. കഴിഞ്ഞ വർഷക്കാലത്ത് പരപ്പാൽ ബീച്ചിൽ കടൽ കയറി വീടുകൾ വെള്ളത്തിലായിരുന്നു. തീരദേശറോഡായ ടിപ്പുസുൽത്താൻ റോഡിന്റെ 217 മീറ്റർ പൂർണ്ണമായും വിഴുങ്ങിയ ശേഷമാണ് സ്വകാര്യവ്യക്തികളുടെ പറമ്പിലേക്ക് കടൽ കയറിയത്. ഇതോടെ 13 വീടുകൾ കടലാക്രമണ ഭീഷണിയിലായി. 13 കുടുംബങ്ങളിലായി അറുപതിലേറെ പേരെ തിരൂരങ്ങാടി തഹസിൽദാർ സ്ഥലത്തെത്തി അരിയല്ലൂർ ഗവ. യു.പി.സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി. കടൽ വീണ്ടുമിരമ്പിയെത്തുമോ എന്ന ഭീതി മൂലം രണ്ടുമാസത്തിലേറെയാണ് സ്‌കൂൾ ക്യാമ്പിൽ അസൗകര്യങ്ങൾ സഹിച്ച് കഴിച്ചുകൂട്ടേണ്ടി വന്നത്.

സംഭവത്തിന്റെ പേരിൽ വലിയ വിവാദങ്ങളുണ്ടായെങ്കിലും ഈ കാലവർഷത്തിലും സ്ഥിതിഗതികളിൽ മാറ്റമൊന്നുമില്ല. പ്രശ്നത്തിൽ വിവിധ രാഷ്ട്രീയ കക്ഷികൾ ഇടപെട്ടതിന്റെ ഫലമായി ചീഫ് സെക്രട്ടറി തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിച്ചുചേർത്തിരുന്നു. ടിപ്പുസുൽത്താൻ റോഡ് പുനർനിർമ്മിക്കാനും ഇതിനായി 25 ലക്ഷം രൂപ വകയിരുത്താനും തീരുമാനമായി. എന്നാൽ തുക അപര്യാപ്തമായതിനാൽ റോഡ് നിർമ്മാണം തുടങ്ങാനായില്ല.

വീണ്ടും മഴക്കാലം തുടങ്ങിയതോടെ കടൽ കയറിത്തുടങ്ങി. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ് പരപ്പാൽ ബീച്ചിലെ കുടുംബങ്ങൾ. എപ്പോൾ വേണമെങ്കിലും കടലെടുക്കാവുന്ന നിലയിലാണ് . കൊവി‌ഡ് ഭീതി നിലനിൽക്കുന്നതിനിടെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറേണ്ടി വന്നേക്കാമെന്ന് അവസ്ഥയും ഇവരിൽ പരിഭ്രാന്തിയുണ്ടാക്കുന്നുണ്ട്.

പരപ്പാൽ ബീച്ചിലെ 217 മീറ്റർ ഭാഗത്ത് കടൽഭിത്തി നിർമ്മിക്കാത്തതാണ് ഇവിടെ കടലാക്രമണം രൂക്ഷമാവാൻ കാരണം.

കടലാമകൾ തീരത്തു മുട്ടയിടാറുണ്ടെന്നും ഇതിന് കടൽഭിത്തി തടസമാവുമെന്നും പരിസ്ഥിതി വാദികൾ ചൂണ്ടിക്കാട്ടിയതിനാലാണ് ഇവിടെ കടൽഭിത്തി നിർമ്മിക്കാതെ ഒഴിച്ചിട്ടിരിക്കുന്നത്.

എന്നാൽ മുമ്പത്തെപ്പോലെ കടലാമകൾ ഇപ്പോൾ തീരത്തെത്താറില്ലെന്നും കടൽഭിത്തി കെട്ടി സുരക്ഷിതമായ സാഹചര്യമൊരുക്കണമെന്നുമാണ് പരപ്പാൽ ബീച്ചിലെ കുടുംബങ്ങളുടെ ആവശ്യം.

നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നതും കടൽഭിത്തി കെട്ടാൻ തടസമാവുന്നുണ്ട്.