കുറ്റിപ്പുറം: കുറ്റിപ്പുറത്ത് അനധികൃതമായി താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനാവായയിലെ തയ്യൽക്കടയിൽ ജോലി ചെയ്യുന്ന സെയ്ദുൽ ഇസ്ലാം മുന്നയെയാണ് പിടികൂടിയത്. വാടക ക്വാർട്ടേഴ്‌സിലായിരുന്നു താമസം. 2013 ൽ അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഇയാൾ ആദ്യം ബംഗളൂരുവിലെ തുണിക്കടയിൽ ജോലിക്ക് കയറി. പിന്നീട് തമിഴ്നാട് തിരുപ്പൂരിലെയും മലപ്പുറം മുണ്ടുപറമ്പിലെയും തുണിക്കടകളിൽ ഏതാനും മാസം ജോലിചെയ്തു. തുടർന്ന് തിരുപ്പൂർ അവിനാശി റോഡിലെ തുണിക്കടയിൽ ജോലിക്കെത്തിയ ഇയാൾ ബംഗാളിലെ വ്യാജവിലാസത്തിൽ 1500 രൂപയ്ക്ക് വ്യാജ ആധാർ കാർഡ് സംഘടിപ്പിച്ചു. 2019 ലാണ് തിരുനാവായയിലെ തുണിക്കടയിൽ ജോലിക്ക് കയറിയത്. ഇക്കഴിഞ്ഞ ജനുവരിയിൽ വിവാഹത്തിനായി ബംഗ്ലാദേശിൽ പോയിട്ട് ഫെബ്രുവരിയിൽ തിരിച്ചെത്തി. ഭാര്യയും കുടുംബവുമെല്ലാം ബംഗ്ലാദേശിൽ തന്നെയാണ് താമസം. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.