ffff
പൊന്നാനി മുറിഞ്ഞഴിയിൽ രൂക്ഷമായ കടലാക്രമണത്തിൽ തകർന്ന വീട്

പൊന്നാനി: മഴ ശക്തമായതോടെ കലിതുള്ളി കടൽ. പൊന്നാനി തീരദേശത്ത് 15 വീടുകൾ തകർന്നു. അമ്പതോളം വീടുകൾ ഭീഷണിയിൽ. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കടലാക്രമണം ശനിയാഴ്ചയും ശക്തമായി തുടർന്നു . പൊന്നാനി വില്ലേജ് പരിധിയിലും വെളിയങ്കോട് തണ്ണിത്തുറയിലുമാണ് കടലേറ്റം രൂക്ഷമായത്.

പൊന്നാനി മുറിഞ്ഞഴി, അലിയാർ പളളി, മൈലാഞ്ചിക്കാട്, പുതുപൊന്നാനി അബു ഹുറൈറ പള്ളി പരിസരം, വെളിയങ്കോട് തണ്ണിത്തുറ എന്നീ മേഖലകളിലാണ് കടലാക്രമണം രൂക്ഷമായത്. താലൂക്കിലുടനീളം നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. മുറിഞ്ഞഴിയിൽ കിഴക്കയിൽ ഫസീല ,മഞ്ഞിങ്ങാന്റെ നഫീസു, ആല്യാമാക്കാനകത്ത് ഇമ്പിച്ചി ബീവി, കാലത്തിന്റെ ഹാജറു, സ്രാങ്കിന്റെ താഹിറ, പുത്തൻപുരയിൽ നഫീസു, ചന്തക്കാരന്റെ ഷരീഫ, മാമുഞ്ഞിക്കാനകത്ത്കുഞ്ഞിപ്പാത്തു, മൈലാഞ്ചിക്കാട് ഭാഗത്ത് കൊള്ളിന്റെ പാത്താൻ കുട്ടി, സീതിന്റെ പുരയ്ക്കൽ സൗദ, പഴയ പുരയ്ക്കൽ സിദ്ദിഖ്, മഞ്ഞാങ്ങാനെറ അഷ്റഫ്, പുതുപൊന്നാനി അബു ഹുറൈറ പള്ളിക്ക് സമീപം ആലിക്കുട്ടിന്റെ അലി, തണ്ണിപ്പാറന്റെ ബീരു, വെളിയങ്കോട് തണ്ണിത്തുറയിൽ അമ്പലത്ത് വീട്ടിൽ ആലൂ, തെരുവത്ത് സാലിഹ് , കുരുക്കളത്ത് മനാഫ് എന്നിവരുടെ വീടുകളുൾപ്പെടെയാണ് തകർന്നത്. ഈ മേഖലയിലെ നിരവധി വീടുകൾ ഏത് നിമിഷവും കടലെടുക്കുന്ന അവസ്ഥയിലാണ്.

വേലിയേറ്റ സമയമായ ഉച്ചയോടെ രൂക്ഷമായ കടൽ വൈകിട്ട് അതിരൂക്ഷമാവുകയും വീടുകൾ തകരുകയുമായിരുന്നു. പൊന്നാനിയിൽ മുല്ലാ റോഡിനു പുറമെ മുറിഞ്ഞഴി, ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, അലിയാർ പള്ളി പരിസരം എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമായി. നിരവധി വീടുകളിലേക്ക് കടൽവെള്ളം കയറി. മണലും ചെളിയും നിറഞ്ഞ് താമസയോഗ്യമല്ലാതായി. കടലോരത്തെ അമ്പതോളം തെങ്ങുകൾ കടലാക്രമണത്തിൽ കടപുഴകി. കടൽഭിത്തിയില്ലാത്ത മേഖലകളിലാണ് കടലേറ്റം ശക്തമായിട്ടുള്ളത്. ഈ ഭാഗങ്ങളിൽ തിരമാലകൾ നേരിട്ട് വീടുകളിലേക്ക് ആഞ്ഞടിക്കുകയാണ്.

അതേ സമയം കടൽ വെള്ളം ഇരച്ചുകയറി തീരദേശ മേഖലയാകെ വെള്ളക്കെട്ടിലാണ്.അമ്പത് മീറ്ററിനകത്ത് താമസിക്കുന്ന വീടുകളാണ് തകർച്ചാഭീഷണിയിലുള്ളത്. കടലാക്രമണ ബാധിതരെ പുനരധിവസിപ്പിക്കാൻ ക്യാമ്പുകൾ റവന്യു വിഭാഗം തയ്യാറാക്കിയിട്ടുണ്ടെന്ന് പൊന്നാനി തഹസിൽദാർ ടി.എൻ.വിജയൻ അറിയിച്ചു. എന്നാൽ വീട് പൂർണ്ണമായും ഭാഗികമായും തകർന്നവർ ബന്ധുവീടുകളിലേക്കാണ് മാറി താമസിക്കുന്നത്. കടലാക്രമണ ബാധിത പ്രദേശങ്ങൾ റവന്യൂ വിഭാഗം സന്ദർശിച്ചു.