മലപ്പുറം: കൊവിഡിന്റെ പശ്ചാത്തലത്തിൽ കളക്ടറേറ്റിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് മാർഗ നിർദേശങ്ങളായി. ഇന്ന് മുതൽ കളക്ടറേറ്റിലെ ഓരോ സെക്ഷനുകളിലും ജോലികൾ തടസ്സപ്പെടാത്ത രീതിയിൽ 50 ശതമാനം ജീവനക്കാർ ഹാജരാകും. ജീവനക്കാർ ഓഫീസിൽ പ്രവേശിക്കുമ്പോൾ തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധനയ്ക്ക് വിധേയരാവും. ഓഫീസുകളിൽ ഹാജരാകാത്ത ദിവസങ്ങളിൽ ജീവനക്കാർ വീടുകളിൽ നിന്ന് ജോലി ചെയ്യും.
ജീവനക്കാർക്കും ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്കും തെർമൽ സ്‌കാനിംഗ് നടത്തുന്നതിനും പൊതുജനങ്ങൾക്ക് അവരുടെ ഫയലിന്റെയും മറ്റ് അപേക്ഷകളും സംബന്ധിച്ച വിവരങ്ങൾ സെക്ഷനകത്ത് പ്രവേശനം നൽകാതെ ലഭ്യമാക്കുന്നതിനും ഓരോ സെക്ഷനുകളിലും പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. അവർ പൊതുജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാകേണ്ട സെക്ഷനിലെ ലാൻഡ് നമ്പർ നൽകും. ഫോൺ സൗകര്യം ഇല്ലാത്തവർക്ക് അതത് സെക്ഷനുകളിൽ നിന്ന് ജീവനക്കാരൻ വിവരങ്ങൾ ശേഖരിച്ച് നൽകും. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട സെക്ഷനുകളിൽ നേരിട്ടെത്തുന്നതിനുള്ള അനുമതിയും നൽകും. വ്യക്തിയെ ഓഫീസിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പായി അയാളെ സാനിറ്റൈസേഷനും തെർമൽ സ്‌കാനിംഗിനും വിധേയമാക്കും. കൂടാതെ അവരുടെ പേരും, ഫോൺ നമ്പറും ബന്ധപ്പെട്ട രജിസ്റ്ററിൽ ചേർക്കും. പൊതുജനങ്ങൾക്ക് ഓഫീസുകളിൽ ഏന്തെങ്കിലും പരാതികളോ ഹരജികളോ നൽകണമെങ്കിൽ അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചേംബറിന് മുൻവശത്ത് സ്ഥാപിച്ചിട്ടുള്ള ബോക്സിൽ ഫോൺ നമ്പർ സഹിതം നിക്ഷേപിക്കാം. ഇമെയിൽ വഴിയാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ വിലാസം ജീവനക്കാരൻ കൈമാറും.
ജീവനക്കാർക്കും പൊതുജനങ്ങൾക്കും അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്ത് പോകുന്നതിനും പ്രത്യേകമായി അനുവദിച്ചിട്ടുള്ള കവാടങ്ങൾ മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഓരോ സെക്ഷനിലെയും ജൂനിയർ സൂപ്രണ്ടുമാരെയും നിയോഗിച്ചിട്ടുണ്ട്.