soilpot

കുറ്റിപ്പുറം: മൺപാത്രങ്ങളുടെ വിൽപ്പന കുത്തനെ കുറഞ്ഞതോടെ നിലനിൽപ്പ് പ്രതിസന്ധിയിൽ ജില്ലയിലെ പരമ്പരാഗത മൺപാത്ര മേഖല. പ്രധാനമായും വീടുകൾ കയറിയിറങ്ങിയാണ് പാത്രങ്ങളുടെ വിൽപ്പന നടത്തിയിരുന്നത്. കൊവിഡിന് പിന്നാലെ ഇതു നിലച്ചു. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ പാതയോരങ്ങളിലെ വിൽപ്പനയും കുറഞ്ഞു. ക്ഷാമം മൂലം കളിമണ്ണിന് വലിയ വില നൽകണം. പട്ടാമ്പിയിൽ നിന്ന് ഒരുലോഡ് കളിമണ്ണെത്തിക്കാൻ ഇരുപതിനായിരം രൂപയാണ് ചെലവ്. ഇതോടെ കളിമൺ പാത്ര നിർമ്മാണ മേഖല ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് മിക്കവരും.

കളിമൺ പാത്ര നിർമ്മാണത്തിന് ഏറെ അദ്ധ്വാനവും ശ്രദ്ധയും വേണം. പാത്രങ്ങളുണ്ടാക്കാൻ ആവശ്യമായ കളിമണ്ണ് തലേദിവസം തന്നെ വെള്ളം ചേർത്ത് കുതിർത്തിടണം. തൊട്ടടുത്ത ദിവസം കല്ലും മറ്റ് അനാവശ്യ വസ്തുക്കളും ശ്രദ്ധാപൂർവം ഒഴിവാക്കി മണൽ ചേർത്ത് കുഴച്ചെടുക്കും. ഇതിനെ അഞ്ചോ,​ പത്തോ കിലോ വരുന്ന രീതിയിൽ ചെറു ഉരുളകളാക്കി കുലാലയ ചക്രത്തിൽ കറക്കിയാണ് മൺപാത്രങ്ങളാക്കി മാറ്റുന്നത്. സ്വയം പ്രവർത്തിപ്പിക്കാൻ കഴിയുന്നതും കറക്കത്തിന്റെ വേഗത കാൽ കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നതുമായ വൈദ്യുതി ചക്രങ്ങളാണ് ഇന്ന് കൂടുതലായും ഉപയോഗിക്കുന്നത്. ഉത്സവ സീസണിലും മറ്റുമായി നല്ല കച്ചവടം നടക്കേണ്ട സമത്താണ് കൊവിഡ് വ്യാപനമുണ്ടായത്

ഇവ ആരോഗ്യം ഇല്ലാതാക്കും

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കളിമൺ പാത്രങ്ങളുടെ നിർമ്മാണത്തിന് രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. പാത്രങ്ങൾക്ക് നല്ല നിറവും തിളക്കവും ഭംഗിയും കൂട്ടുന്നതിനായി റെഡ് ഓക്‌സൈഡും ബ്ലാക്ക് ഓക്‌സൈഡും ഉപയോഗിക്കുന്നുണ്ട്. കളിമണ്ണിന്റെ ഉപയോഗവും കുറക്കാനുമാവും. ഇത്തരം മൺപാത്രങ്ങൾ നിർമ്മിക്കുന്ന ലോബി ദേശീയപാതകൾ കേന്ദ്രികരിച്ച് പാത്രങ്ങൾ വിൽക്കുന്നുണ്ട്. ഇതും പരമ്പരാഗത മൺപാത്ര മേഖലയെ പ്രതിസന്ധിയിലാക്കുന്നു.

മൺപാത്ര നിർമ്മാണ മേഖലയ്ക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം ലഭിക്കുന്നില്ല. പ്രതിസന്ധി പരിഹരിക്കാൻ വേഗത്തിൽ സർക്കാർ ഇടപടണം.

കുഞ്ഞൻ,​ മൺപാത്ര നിർമ്മാണ തൊഴിലാളി