പൊന്നാനി: 'കാക്കയായിരുന്നെങ്കിൽ എവിടെയെങ്കിലും കൂട് കൂട്ടാമായിരുന്നു. ഇതിപ്പൊ മനുഷ്യന്റെ വീടായിപ്പോയില്ലെ. ഇനിയെന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. എവിടെ പോകണമെന്നും അറിയില്ല.' പറഞ്ഞ് തീരുമ്പോഴേക്ക് വാക്കുകൾ ഇടറി. കണ്ണുകൾ നിറഞ്ഞു. ഒന്നും മിണ്ടാതെ കടലിന്റെ അനന്തതിയിലേക്ക് നോക്കി നിന്നു. ശനിയാഴ്ച്ച പകൽ കടലെടുത്ത വീടിന് മുന്നിൽ നിന്ന് ആല്യാമാക്കാനകത്ത് സീനത്ത് പ്രകടമാക്കിയ ദൈന്യതയായിരുന്നു ഇത്. കൺമുന്നിൽ വീടുകൾ നിലംപൊത്തുന്നത് ഹൃദയവേദനയോടെ കണ്ടുനിൽക്കേണ്ടി വരുന്ന നിസ്സഹായരായ കുറെ മനുഷ്യരുടെ ദുരന്തഭൂമിയായി മാറുകയാണ് പൊന്നാനി തീരത്തെ മുറിഞ്ഞഴി ദേശം.
ഒരൊറ്റ പകൽകൊണ്ട് തെരുവിലിറക്കപ്പെടുന്ന കുറേ ജീവിതങ്ങളാണ് ഇവിടെയുള്ളത്. കഴിഞ്ഞ പത്തുവർഷമായി സീനത്തും കുട്ടികളും താമസിക്കുന്ന വീടാണ് അടിത്തറയിളക്കി കടലെടുത്തത്. രണ്ട് പെൺമക്കളെ കല്ല്യാണം കഴിപ്പിച്ച് അയച്ച ശേഷം പ്ലസ്ടുകാരനായ മകനൊപ്പമാണ് സീനത്ത് ഇവിടെ കഴിഞ്ഞിരുന്നത്. അപ്രതീക്ഷിതമായ കടലേറ്റത്തിൽ വീട് താമസ യോഗ്യമല്ലാതായതോടെ ഇനിയെന്തെന്ന ചോദ്യം ഈ കുടുംബത്തിനു മുന്നിൽ ഇരുട്ട് പരത്തുകയാണ്. വീടിന് മുൻഭാഗത്തെ തറയും ഭൂമിയും പൂർണ്ണമായും കടൽ കാർന്നെടുത്ത നിലയിലാണ്.
കലിതുള്ളി കടൽ
കടലിന്റെ കലി തുള്ളലിൽ പതിവുതെറ്റാതെ വന്നെത്തിയ ദുരിതം ഇത്തവണയും മുറിഞ്ഞഴി തീരത്തെ കരയിച്ചു. എട്ട് വീടുകളാണ് ഒരൊറ്റ ദിവസം നിലംപൊത്തിയത്. ജീവിത സമ്പാദ്യമായുണ്ടായിരുന്ന വീടുകൾ തിരമാലകൾ കാർന്നുതിന്നപ്പോൾ നെടുവീർപ്പോടെ നോക്കി നിൽക്കേണ്ടി വന്ന ഒരുകൂട്ടം ഹതഭാഗ്യരുടെ ഭൂമിയായി മുറിഞ്ഞി മാറിയിട്ട് വർഷമേറെയായി. ഓഖിക്കുശേഷം തുടർച്ചയായ വർഷങ്ങളിൽ തിരമാലകളുടെ താണ്ഡവം തീരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. തീരം കാർന്നെടുത്താണ് തിരമാലകൾ ഉൾവലിയുന്നത്. ആറടിയോളം താഴ്ച്ചയിലാണ് കരയെടുക്കുന്നത്. തൊട്ടടുത്ത വീടുകൾക്ക് ഭീഷണി സൃഷ്ടിച്ചാണ് മുന്നിലുള്ള ഓരോ വീടുകളും നിലംപൊത്തുന്നത്. ഇപ്പോൾ കടലാക്രമണം നേരിടുന്ന വീടുകൾക്ക് മുന്നിൽ നാലും അഞ്ചും നിര വീടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടെ ഇവയെല്ലാം കടലെടുത്തു. നേക്കെത്താ ദൂരത്തായിരുന്ന കടൽ ഇപ്പോൾ വീട് നിൽക്കുന്നിടത്താണുള്ളത്. ഓരോ ഓരോ വർഷവും ഇരുപത് മുതൽ അമ്പത് മീറ്റർ വരെ തീരമാണ് കടലെടുക്കുന്നത്. ഇന്ന് ഞാൻ നാളെ നീ എന്ന നിലയിലാണ് തീരത്തുള്ളവർ ജീവിതം തള്ളിനീക്കുന്നത്.
എന്നിട്ടും ഒന്നുമായില്ല
തീരസുരക്ഷക്ക് മാർഗ്ഗങ്ങളില്ലെന്നതാണ് കടലോര ജീവിതങ്ങളെ തെരുവിലേക്ക് തള്ളിവിടുന്നത്. കടൽഭിത്തിയുടെ അഭാവം കടലേറ്റത്തിന് കാരണമാകുന്നു. ശാസ്ത്രീയമായ കടൽഭിത്തി നിർമ്മാണം നടക്കുന്നില്ല. കടലിൽ കല്ലിടുന്ന ഏർപ്പാടായി കടൽഭിത്തി കെട്ടൽ മാറുകയാണ്. തീരസുരക്ഷയുടെ കാര്യത്തിൽ ഉത്തരവാദപ്പെട്ടവർ തുടരുന്ന അലംഭാവം തീരത്തെ കണ്ണീരിന് അറുതി വരുത്തുന്നില്ല. പറഞ്ഞു പറ്റിച്ചും വാഗ്ദാനങ്ങളിൽ വിശ്വസിപ്പിച്ചും തീരത്തോടുള്ള കൊടുംചതി തുടരുകയാണ്. മാറിവരുന്ന സർക്കാറുകളൊക്കെയും ഇത് തുടരുന്നുവെന്നതാണ് തീരത്തിന്റെ അനുഭവം.
തീരം വിട്ട് മറ്റെവിടേക്കെങ്കിലും താമസം മാറ്റാൻ ഇവിടത്തുകാർ ഒരുക്കമാണ്. പത്ത് ലക്ഷം രൂപയുടെ സർക്കാർ പദ്ധതിയുടെ ഭാഗമാകാൻ ഇവിടത്തുകാർക്ക് താൽപര്യമുണ്ടെങ്കിലും ഈ തുകക്ക് ഭൂമിയും വീടും എങ്ങനെ സാധ്യമാക്കുമെന്നത് ഇവരെ പിന്നോട്ടടിപ്പിക്കുന്നു. മുൻകൂറായി പണം സ്വരൂപിക്കാനാകാത്തതും പുനരധിവാസമെന്ന സ്വപ്നത്തിന് വിലങ്ങിടുന്നു. കടലാക്രമണ ബാധിതരായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ തയ്യാറാക്കിയ പദ്ധതികൾ എങ്ങുമെത്തിയിട്ടിയിട്ടില്ല. പുനരധിവാസ പദ്ധതികളുടെ ഏന്തിവലിച്ചിൽ തീരത്തോടുള്ള നിസ്സംഗതയുടെ ഉത്തമ ഉദാഹരണങ്ങളായി മാറുകയാണ്.