മലപ്പുറം: ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ നിരന്തരം ലംഘിച്ച മൂന്ന് കൊവിഡ് രോഗികൾക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു. കാളികാവിലെ അൽ സഫ ആശുപത്രിയിൽ കഴിയുന്ന ഇവർ മാസ്‌ക് ധരിക്കാൻ പോലും തയ്യാറാവുന്നില്ലെന്ന ആരോഗ്യപ്രവർത്തകരുടെ പരാതിയിലാണ് പൊലീസ് നടപടി. മറ്റ് മുറികളിലെ രോഗികളെയും കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കാൻ നിർബന്ധിക്കുന്നതിന് ഇവർ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതായും ആരോഗ്യ പ്രവർത്തകർ പറയുന്നു.
ആരോഗ്യനില മെച്ചപ്പെട്ടതിന് പിന്നാലെ കൊവിഡ് പ്രത്യേക ആശുപത്രിയായ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് സഫ ആശുപത്രിയിലേക്ക് മാറ്റിയവരായിരുന്നു ഇവർ. മഞ്ചേരിയിൽ ഗുരുതര രോഗികളെയും ഗർഭിണികളെയുമാണ് ചികിത്സിക്കുന്നത്. ഭക്ഷണകാര്യത്തിലും പരിശോധനാ ഫലങ്ങൾ വൈകുന്നതിലും ഇവർ ആരോഗ്യപ്രവർത്തകരോട് തർക്കിക്കാറുണ്ട്. ഇവർക്കായി പുറത്തുനിന്ന് കൊണ്ടുവന്ന പൊരിച്ച മാംസങ്ങളുള്ള ഭക്ഷണം സ്വീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിരുന്നില്ല. കൊവിഡ് രോഗികൾക്കുള്ള ഭക്ഷണ മെനു പാലിക്കാൽ മൂന്നുപേരും തയ്യാറല്ലായിരുന്നു. കേസിന് പിന്നാലെ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.