പൊന്നാനി: കടലാക്രമണത്തിനൊപ്പം തിരമാലകൾ നിക്ഷേപിക്കുന്ന മണൽശേഖരവും കെട്ടിക്കിടക്കുന്ന മലിനജലവും തീരത്തെ ജീവിതങ്ങളെ ദുരിതക്കടലിലാക്കുന്നു. കടൽവെള്ളം കയറിയ വീടുകളിലൊക്കെ ചെളി നിറഞ്ഞ മണൽ അടിഞ്ഞുകൂടിയിട്ടുണ്ട്. പൊന്നാനി അലിയാർ പള്ളിക്ക് പിൻവശം മുതൽ മുറിഞ്ഞഴി മേഖലകളിൽ വെള്ളക്കെട്ടും മണൽനിക്ഷേപവും കാരണം തീരവാസികൾ പൊറുതിമുട്ടുകയാണ്.
മുറിഞ്ഞഴി മേഖലയിലെ റോഡ് മണൽ മൂടിയ അവസ്ഥയിലാണ്. കടൽ ശാന്തമാകുമ്പോൾ റോഡിലെ മണൽ എടുത്തു മാറ്റിയാണ് ഗതാഗതയോഗ്യമാക്കുന്നത്. കടൽവെള്ളത്തിനൊപ്പം മണൽ വീടുകളിൽ കയറാതിരിക്കാൻ മരപ്പലകകളും ഷീറ്റുകളും ഉപയോഗിച്ച് പ്രതിരോധം തീർത്തിട്ടുണ്ട്. തീരത്തെ തെങ്ങുകൾ പകുതിയോളം മണൽ മൂടിയ നിലയിലാണ്. പല വീടുകളിലും മണൽ കയറിയത് കാരണം വീട്ടുകാർ താമസം മാറ്റി.
തീരത്തെ വെള്ളക്കെട്ട് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. മഴവെള്ളവും കടൽവെള്ളവും കെട്ടിക്കിടക്കുകയാണ്. ശാസ്ത്രീയമായ അഴുക്കുചാലുകളുടെ അഭാവം കാരണം മഴക്കാലങ്ങളിൽ വെള്ളക്കെട്ട് പതിവാണ്. കടലിലേക്കുള്ള ഓവുകളിലൂടെ കടൽവെള്ളം തീരത്തേക്ക് എത്തുന്നു. ചെളി കലർന്ന കടൽവെള്ളം കടുത്ത ആരോഗ്യ പ്രശ്നമാണ് ഉണ്ടാക്കുന്നത്. വീടുകളുടെ കോമ്പൗണ്ടിൽ കെട്ടിനിൽക്കുന്ന വെള്ളം സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞു കവിയാൻ കാരണമാകുന്നു. കൊതുകുശല്യവും രൂക്ഷമാണ്.
കടലാക്രമണം മൂലം വീടുകൾ നഷ്ടപ്പെടുന്നവരുടെ സമാന ദുരിതമാണ് മണൽ നിക്ഷേപവും മലിനജലവും കാരണം മറ്റു വീട്ടുകാർക്കും നേരിടേണ്ടി വരുന്നത്. കഴിഞ്ഞ ഓഖി ദുരന്തകാലത്ത് മണൽ മൂടിപ്പോയ റോഡുകൾ മുറിഞ്ഞഴി ഭാഗത്ത് ഇപ്പോഴുമുണ്ട്. സമാനമായ സ്ഥിതിയാണ് ഇപ്പോഴത്തെ കടലാക്രമണത്തിൽ മറ്റു ഭാഗങ്ങളിലെ റോഡുകൾക്ക് നേരിടേണ്ടി വരുന്നത്. ഉടനടി മണൽ നീക്കം ചെയ്യാൻ പ്രദേശത്തുകാർ തയ്യാറാകുന്നതിനാൽ ഗതാഗത തടസ്സം നേരിടുന്നില്ല. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം പ്രദേശത്തുകാർ ഉന്നയിക്കുന്നുണ്ട്.