കരിപ്പൂർ: ഷാർജയിൽ നിന്നെത്തിയ ചാർട്ടേഡ് വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ നാലുപേരിൽ നിന്നും സ്വർണം പിടിച്ചു. എയർ കസ്റ്റംസ് ഇന്റലിജൻസാണ് 81 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടിയത്. മലപ്പുറം എടക്കര സ്വദേശി ജിത്തു, തലശ്ശേരി സ്വദേശികളായ നഫീസുദ്ദീൻ, ഫഹദ്, പാനൂർ സ്വദേശി മുബഷിർ എന്നിവരിൽ നിന്നും 2.21 കിലോഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ ഷാർജയിൽ നിന്നുളള എയർ അറേബ്യ വിമാനത്തിലെത്തിയ ജിത്തുവിൽ നിന്നും 1,153 ഗ്രാമാണ് പരിശോധനയിൽ കണ്ടെടുത്തത്. ദുബായിൽ നിന്നുളള ഫ്‌ളൈ ദുബൈ വിമാനത്തിലാണ് മറ്റ് മൂന്ന് പേരും എത്തിയത്. നഫീസുദ്ദീനിൽ നിന്നും 288 ഗ്രാം, ഫഹദിൽ നിന്നും 287 ഗ്രാം, ബഷീറിൽ നിന്നും 475 ഗ്രാം എന്നിങ്ങനെയാണ് പിടിച്ചത്. അടിവസ്ത്രത്തിനുള്ളിലായിരുന്നു നാലുപേരും സ്വർണം ഒളിപ്പിച്ചത്.