മലപ്പുറം: മഴക്കാലത്ത് വളർത്തുമൃഗങ്ങളിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്നതിനാൽ അവയുടെ പരിപാലനത്തിലും സംരക്ഷണത്തിലും പ്രത്യേക ശ്രദ്ധ നൽകണമെന്ന് ജില്ലാമൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. സമ്പൂർണ്ണ ശുചിത്വമാണ് രോഗങ്ങൾക്കെതിരെയുള്ളപ്രതിരോധമാർഗം. മൃഗങ്ങളുടെ കൂടും പരിസരവും അവയുടെ ശരീരവും വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേക ശ്രദ്ധ നൽകണം. രോഗബാധയുള്ളവയെ മാറ്റി പാർപ്പിക്കാനും കൃത്യസമയത്ത് ശരിയായ ചികിത്സ നൽകാനും ശ്രദ്ധിക്കണം. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് രോഗപകർച്ചയുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ മൃഗങ്ങളെ പരിപാലിക്കുന്നവരും വ്യക്തിശുചിത്വം പാലിക്കണം. അവയുമായി ഇടപഴകുമ്പോൾ മാസ്കും കൈയുറകളും കാലിൽ ബൂട്ട് പോലുള്ള സുരക്ഷാക്രമീകരണങ്ങളും ഉണ്ടാവണം.
കർഷകർക്കുള്ള നിർദ്ദേശങ്ങൾ
മഴപെയ്യുമ്പോഴും കാറ്റും ഇടിമിന്നലുമുള്ളപ്പോഴും തുറസായ സ്ഥലങ്ങളിൽ വളർത്തുമൃഗങ്ങളെ മേയാൻ വിടരുത്.
തൊഴുത്ത്/കൂട് ദിവസവും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.
കൊതുകുകളെയുംഈച്ചകളെയും തുരത്താൻ ഒരു കിലോഗ്രാം കുമ്മായത്തിൽ 250 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ചേർത്ത് ആഴ്ചയിൽ രണ്ടുതവണ വീതം വളക്കുഴിയിലും തൊഴുത്ത് പരിസരത്തും വിതറണം.
പൂപ്പൽ വിഷബാധ തടയാനായി തീറ്റ വസ്തുക്കൾ മഴനനയാതെ സൂക്ഷിക്കണം.