മലപ്പുറം: ലോക്ക് ഡൗൺ ഇളവുകൾ നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും ബസിൽ കയറാൻ ആളുകൾ മടിച്ചതോടെ കൂടുതൽ സർവീസുകൾ തുടങ്ങാതെ സ്വകാര്യ ബസുകൾ. നിലവിൽ യാത്രക്കാ‌ർ കൂടുതലുള്ള രാവിലെയും വൈകിട്ടും മാത്രമാണ് മിക്ക ബസുകളും സർവീസ് നടത്തുന്നത്. ഇന്നലെ 300 ബസുകൾ നിരത്തിലിറങ്ങി. 1,​600 ഓളം സ‌ർവീസുകളാണ് ജില്ലയിലുള്ളത്. കൂടുതൽ സർവീസുകൾ തുടങ്ങിയതിന് പിന്നാലെ ബസിനെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടുമെന്ന ബസ് ഉടമകളുടെ പ്രതീക്ഷ ഇല്ലാതായി. മഞ്ചേരി - തിരൂർ,​ മഞ്ചേരി - നിലമ്പൂർ റൂട്ടുകളിൽ മാത്രമാണ് താരതമ്യേന യാത്രക്കാരുള്ളത്. ശരാശരി 5,​000 രൂപയാണ് മിക്ക ബസുകളുടെയും വരുമാനം. മൂന്നാഴ്ച്ചയ്ക്കിടെ ഡീസലിന് ലിറ്ററിന് 9.50 രൂപയാണ് വർദ്ധിച്ചത്.

സാധാരണ ഗതിയിൽ ഒരുദിവസം 260 മുതൽ 350 കിലോമീറ്റർ വരെയാണ് ബസുകൾ ഓടുന്നത്. 260 കിലോമീറ്റർ ഓടാൻ 85 ലിറ്റർ ഡീസലെങ്കിലും വേണം. ട്രിപ്പുകൾ പകുതിയായി കുറച്ചെങ്കിലും ഡീസൽ വില വർദ്ധനവിലൂടെ നല്ലൊരു തുക അധികച്ചെലവ് വരുന്നുണ്ട്. ലോക്ക് ഡൗണിന് പിന്നാലെ സർവീസ് താത്ക്കാലികമായി നിറുത്തിവയ്ക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് ബസ് ഉടമകൾ ജി.ഫോം സമർപ്പിച്ചിരുന്നു. ജൂണിലെ റോ‌ഡ് ടാക്സ് സംസ്ഥാന സർക്കാർ ഒഴിവാക്കിയിട്ടുണ്ടെങ്കിലും 80 ശതമാനം ബസുകളും ജി.ഫോം പിൻവലിച്ചിട്ടില്ല. കൊവിഡ് ഭീതിയെ തുടർന്ന് യാത്രക്കാർ ബസിൽ കയറാൻ മടിക്കുന്നത് തുടരുന്നതാണ് ബസുടമകളെ പിന്തിരിപ്പിക്കുന്നത്.

സമയക്രമമില്ല

ബസ് സ്റ്റാന്റിൽ യാത്രക്കാരെ കയറ്റാൻ നിറുത്തിയിടുന്ന ബസുകൾ കൃത്യസമയത്ത് തന്നെ പുറപ്പെടുന്നുണ്ടെന്ന് മറ്റ് ബസുകളിലെ ജീവനക്കാർ ഉറപ്പാക്കിയിരുന്നു. അനുവദിച്ച സമയത്തേക്കാൾ ഒരുമിനിറ്റ് അധികം നിറുത്തിയിട്ടാൽ പോലും വാക്കേറ്റം പതിവായിരുന്നു. മഞ്ചേരി ബസ് സ്റ്റാന്റിൽ ഈ അവസ്ഥയാകെ മാറി. യാത്രക്കാർ എപ്പോഴാണോ തികയുന്നത് അപ്പോൾ മാത്രം ബസെടുക്കുന്ന രീതിയാണിപ്പോൾ. ബസുകളുടെ എണ്ണം തീരെ കുറ‌ഞ്ഞതോടെ സമയക്രമത്തിൽ ആർക്കം പരാതിയില്ല.

അത്യാവശ്യ യാത്രക്കാർ മാത്രമാണ് ബസുകളെ ആശ്രയിക്കുന്നത്. കടകളിലും മറ്റും ജോലിക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. മരണം,​ കല്യാണം തുടങ്ങി ആളുകൾ കൂടുന്നയിടങ്ങളിലേക്കുള്ളവർ പോലും കുറഞ്ഞു. നിലവിലെ അവസ്ഥയിൽ സർവീസ് മുന്നോട്ടുകൊണ്ടുപോവുക പ്രയാസകരമാണ്.

ഹംസ എരിക്കുന്നൻ,​ ട്രഷറർ,​ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ