മലപ്പുറം: ഓൺലൈൻ പഠനം കൂടുതൽ എളുപ്പമാക്കാൻ ജില്ലയിൽ പാഠപുസ്തക വിതരണം വേഗത്തിൽ പൂർത്തിയാക്കാൻ നടപടികളുമായി അധികൃതർ. ഒരാഴ്ച്ചയ്ക്കകം മുഴുവൻ പുസ്തകങ്ങളും സ്കൂളുകളിലെത്തിക്കും. സിവിൽ സ്റ്റേഷനിലെ ജില്ലാ ബുക്ക് ഡിപ്പോയിൽ പുസ്തകങ്ങളെത്തുന്ന മുറയ്ക്ക് നേരത്തെ നൽകിയ ഇൻഡെന്റിന്റെ അടിസ്ഥാനത്തിൽ പുസ്തകങ്ങൾ സൊസൈറ്റികളിലേക്ക് എത്തിച്ചുനൽകുന്നുണ്ട്. അവധി ദിവസങ്ങളിലും വിതരണം നടത്തും. ഇന്നലെ വരെ 34,24,262 ലക്ഷം പുസ്തകങ്ങൾ വിതരണം ചെയ്തു. പുസ്തകമെത്തുന്ന മുറയ്ക്ക് സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിവരമറിയിക്കുന്നുണ്ട്. പലയിടങ്ങളിലും ഓൺലൈൻ പഠനത്തിന്റെ പശ്ചാത്തലത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ തുടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ അദ്ധ്യാപകർ വിവരം കൈമാറുന്നുണ്ട്. രക്ഷിതാക്കൾ സ്കൂളുകളിലെത്തി വേണം പുസ്തകങ്ങൾ വാങ്ങിക്കാൻ.
ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലേക്കായി 56 ലക്ഷം പുസ്തകങ്ങളാണ് ജില്ലയിൽ ആവശ്യമുള്ളത്. കാക്കനാട്ടെ പ്രസിൽ നിന്ന് ദിവസവും ആറ് ലോഡ് പുസ്തകങ്ങൾ ജില്ലാ ബുക്ക് ഡിപ്പോയിൽ എത്തുന്നുണ്ട്. ഇന്നലെ 1.46 ലക്ഷം പുസ്തകങ്ങൾ വിതരണം ചെയ്തു. പൊന്നാനി - 8, എടപ്പാൾ - 9, മലപ്പുറം -9, മങ്കട -2, പരപ്പനങ്ങാടി -1 , താനൂർ - 1, തിരൂർ - 2 എന്നിങ്ങനെ സ്കൂളുകളിലേക്കാണ് പുസ്തകങ്ങൾ നൽകിയത്. ഇന്ന് കുറ്റിപ്പുറം, വേങ്ങര, തിരൂർ എന്നിവിടങ്ങളിലാണ് വിതരണം.
പ്രശ്നക്കാരൻ കൊവിഡ്
ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ ഭൂരിഭാഗവും ഇതിനകം വിതരണം ചെയ്തതായി ജില്ലാ ബുക്ക് ഡിപ്പോ അധികൃതർ പറയുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗതാഗതം മുടങ്ങിയതാണ് ഇത്തവണ പുസ്തക വിതരണം നീളാൻ കാരണം.
കഴിഞ്ഞ തവണ അദ്ധ്യയന വർഷം ആരംഭിച്ചപ്പോൾ തന്നെ പുസ്തക വിതരണം പൂർത്തിയാക്കിയിരുന്നു.
പുസ്തക വിതരണം ഈമാസത്തോടെ പൂർത്തിയാക്കും. സൊസൈറ്റികളിൽ എത്തിക്കുന്ന പുസ്തകങ്ങൾ വേഗത്തിൽ തന്നെ സ്കൂളുകളിലെത്തിച്ച് കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ട്.
മനോഹരൻ, ജില്ലാ പാഠപുസ്തക വിതരണ കോർഡിനേറ്റർ