fff
.

മലപ്പുറം: ജില്ലയിൽ 10 പേർക്ക് കൂടി ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇന്നലെ സമ്പർക്കത്തിലൂടെ ആർക്കും രോഗബാധയുണ്ടായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എട്ടുപേർ വിവിധ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തിയവരാണ്. ഇവരിൽ ഏഴുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും മൂന്നുപേർ കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. ഇവർക്കു പുറമെ ഇന്നലെ രോഗബാധ സ്ഥിരീകരിച്ച ഒരു പാലക്കാട് സ്വദേശിയും ഒരു തൃശൂർ സ്വദേശിയും മഞ്ചേരിയിൽ ചികിത്സയിലാണ്.

ജൂൺ 11ന് ചെന്നൈയിൽ നിന്നെത്തിയ പൊന്നാനി ഈശ്വരമംഗലം സ്വദേശി(37) , ചെന്നൈയിൽ നിന്ന് ജൂൺ എട്ടിന് തിരിച്ചെത്തിയ വാഴയൂർ പുതുക്കോട് സ്വദേശി(26), ജൂൺ 17ന് ദമാമിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ അമരമ്പലം പൂക്കോട്ടുംപാടം സ്വദേശി (73), ജൂൺ 19ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ മൂർക്കനാട് കൊളത്തൂർ സ്വദേശി(49), ജൂൺ 13ന് ദോഹയിൽ നിന്ന് കണ്ണൂർ വഴിയെത്തിയ വാഴക്കാട് കൊടിയമ്മൽ സ്വദേശി (27), ജൂൺ 13ന് റിയാദിൽ നിന്ന് തിരുവനന്തപുരം വഴിയെത്തിയ താഴേക്കോട് കാരാമ്പറ്റക്കുന്ന് സ്വദേശി (55), ജൂൺ നാലിന് ദുബായിൽ നിന്ന് കൊച്ചി വഴിയെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി (23) എന്നിവരാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്.

ജൂൺ 20ന് ഒമാനിൽ നിന്ന് കണ്ണൂർ വഴിയെത്തിയ വെട്ടം വാക്കാട് സ്വദേശി (42), ജൂൺ 19ന് മസ്‌കറ്റിൽ നിന്ന് കണ്ണൂർ വഴിയെത്തിയ മഞ്ചേരി കരുവമ്പ്രം സ്വദേശി (25), ജൂൺ 19ന് കുവൈത്തിൽ നിന്ന് കണ്ണൂർ വഴിയെത്തിയ വണ്ടൂർ നടുവത്ത് സ്വദേശി (52) എന്നിവർ രോഗബാധ സ്ഥിരീകരിച്ച് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. ജൂൺ 19ന് കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പാലക്കാട് വിളയൂർ സ്വദേശി(38), ജൂൺ 22ന് ഷാർജയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തൃശൂർ ചാവക്കാട് സ്വദേശി (36) എന്നിവരും മഞ്ചേരിയിൽ ചികിത്സയിലുണ്ട്.

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കൊവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം.

കെ. ഗോപാലകൃഷ്ണൻ, ജില്ലാ കളക്ടർ