തേഞ്ഞിപ്പലം : കെ.എസ്.ഇ.ബി ചേളാരി സെക്‌ഷന് കീഴിൽ മീറ്ററിൽ കൃത്രിമം കാണിച്ച് വൈദ്യുതി മോഷണം നടത്തിയെന്ന് കാണിച്ച് വീട്ടുടമസ്ഥന് 5.81 ലക്ഷം രൂപ പിഴയടയ്ക്കാൻ കെ.എസ്.ഇ.ബിയുടെ നോട്ടീസ് . പെരുവള്ളൂർ കാടപ്പടി സ്വദേശി ചൊക്ലി അബ്ദുൾ മജീദിന്റെ വീട്ടിലാണ് സംഭവം. 24 മണിക്കൂറിനുള്ളിൽ പിഴയടയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വീട്ടിലെ വൈദ്യുതിബന്ധം പൂർണ്ണമായും വിച്ഛേദിച്ചു. ഇല്ലെങ്കിൽ പിഴ വസൂലാക്കാനാവശ്യമായ നടപടി കൈകൊള്ളുമെന്ന് വൈദ്യുതി വിഭാഗം അറിയിച്ചു.

ഒന്നിലധികം എ.സിയുൾപ്പെടെ നിരവധി വൈദ്യുതി ഉപകരണങ്ങൾ വീട്ടിലുണ്ടായിട്ടും കുറഞ്ഞ വൈദ്യുതി ഉപയോഗം മാത്രം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മീറ്റർ റീഡിംഗ് എടുക്കാനെത്തിയ ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വൈദ്യുതി വകുപ്പിന്റെ അന്വേഷണ വിഭാഗം സ്ഥലം പരിശോധിച്ചു. വൈദ്യുതിക്കാലിൽ നിന്നും മീറ്ററിലേക്കുള്ള വയറിൽ നിന്നും മറ്റൊരു വയറിലൂടെ വീടിനുള്ളിൽ പ്രത്യേകം സ്ഥാപിച്ച സ്വിച്ച് ബോർഡിലേക്ക് വൈദ്യുതി എത്തിച്ചാണ് എ.സി ഉൾപ്പെടെയുള്ള വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം.