മലപ്പുറം: കൊവിഡ് രോഗികൾ കൂടുന്നതിന് പിന്നാലെ ജില്ലയിൽ കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങുന്നു. പൊന്നാനി ടി.ബി സെന്റർ, കൊണ്ടോട്ടി സി.എച്ച്.സി, മലപ്പുറം താലൂക്ക് ആശുപത്രി, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ഉടൻ പരിശോധന ആരംഭിക്കും. ഇതു സംബന്ധിച്ച് ഇന്നലെ അതത് മെഡിക്കൽ ഓഫീസർമാർക്ക് ഡി.എം.ഒ നിർദ്ദേശം നൽകി. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ്, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിലാണ് സൗകര്യമുള്ളത്.
രോഗികളുടെ എണ്ണം കൂടിയതോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പരിശോധനയ്ക്കായി മണിക്കൂറുകളോളം കാത്തുനിൽക്കണം. ഗർണിണികളും പ്രായമായവരും ഇക്കൂട്ടത്തിലുണ്ട്. രോഗലക്ഷണമുള്ളവരും ഇല്ലാത്തവരും ഇടകലരുന്നത് രോഗഭീതി വർദ്ധിപ്പിക്കുന്നു. സാമ്പിളുകൾ ഇതര ജില്ലകളിലേക്ക് അയക്കുന്ന സാഹചര്യവുമുണ്ട്. ഫലമറിയാൻ നാലുമുതൽ ആറു ദിവസം വരെയെടുക്കും. പുതിയ പരിശോധനാകേന്ദ്രങ്ങൾ വരുന്നതോടെ ഈ അവസ്ഥയ്ക്ക് പരിഹാരമാവും.
മുന്നൊരുക്കം തകൃതി
ഓരോ താലൂക്കിലും പരമാവധി ഡോക്ടർമാർക്കും ലാബ് ജീവനക്കാർക്കും കൊവിഡ് പരിശോധനാ പരിശീലനമേകും. ഓരോ പ്രാവശ്യം സാമ്പിളുകളെടുക്കുമ്പോഴും ഒപ്പം പുതിയ ടീമിനുള്ള പരിശീലനവും നൽകും. സമയനഷ്ടമില്ലാതെ എല്ലാവർക്കും ട്രെയ്‌നിംഗ് ഉറപ്പാക്കാനാണിത്. ഒരു ഡോക്ടർ, സ്റ്റാഫ് നേഴ്സ്, ലാബ് ടെക്നീഷ്യൻ എന്നിവർ ഓരോ ടീമിലുമുണ്ടാവും. പരമാവധി ജീവനക്കാർക്ക് പരിശീലനം നൽകുന്നതിലൂടെ, ടീമിലെ ആരെങ്കിലും ക്വാറന്റൈനിൽ പോവുകയോ എമർജൻസിയുണ്ടാവുകയോ ചെയ്യുമ്പോഴുള്ള പ്രതിസന്ധി മറികടക്കാനാവുമെന്നാണ് ജില്ലാ ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തൽ. മഞ്ചേരി മെഡിക്കൽ കോളേജിലെ കൊവിഡ് പരിശോധന രണ്ട് ഷിഫ്റ്റ് എന്നത് മൂന്നാക്കി ഉയർത്തുന്നതിനുള്ള ലാബ് നവീകരണം പൂർത്തിയായിട്ടുണ്ട്. ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ഇതോടെ 24 മണിക്കൂറും പരിശോധനയുണ്ടാവും.
മൊബൈൽ പരിശോധനാ കേന്ദ്രം
ജില്ലയിൽ മൂന്ന് മൊബൈൽ പരിശോധനാ കേന്ദ്രങ്ങൾ ഒരുക്കിയേക്കും. യൂണിറ്റിനായി ഒരു ആംബുലൻസ് പ്രത്യേകം സജ്ജമാക്കും. പൊതു,സ്വകാര്യ പങ്കാളിത്തത്തോടെ രണ്ട് മൊബൈൽ യൂണിറ്റുകൾ കൂടി തുടങ്ങാൻ ആലോചനയുണ്ട്. വിമാനത്താവളവും രോഗസാദ്ധ്യത കൂടുതലുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ച് പരിശോധന വേഗത്തിലാക്കും. ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ, അവശത അനുഭവിക്കുന്നവർ എന്നിവർക്ക് മുൻഗണനയേകും. ഇവർക്ക് അധികം യാത്ര ചെയ്യാതെയും പ്രത്യേക സമയം നൽകിയും പരിശോധനയ്ക്ക് വിധേയമാക്കാനാവും.
എല്ലാ സ്ഥലങ്ങളിലും ലാബ് ടെസ്റ്റിംഗും രോഗികളെ പ്രവേശിപ്പിക്കേണ്ട സാഹചര്യവും ഉണ്ടായാൽ ഈ പ്രതിസന്ധി മറികടക്കുകയാണ് എല്ലാ ജീവനക്കാർക്കും പരിശീലനമേകുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ഡി.എം.ഒ , ഡോ.കെ. സക്കീന