ggg
.

മലപ്പുറം: സാമൂഹ്യ സുരക്ഷാ മിഷന് കീഴിലെ ആശ്വാസകിരണം പദ്ധതി നിലച്ചതോടെ നിരവധി പേർ ദുരിതത്തിൽ. പദ്ധതിയിൽ അംഗങ്ങളായ ജില്ലയിലെ 12,000ത്തോളം പേർക്ക് 17 മാസമായി സഹായം കിട്ടുന്നില്ല. സർക്കാർ ഫണ്ട് നിലച്ചതോടെ 2019 മാർച്ചിന് ശേഷം സഹായധനം വിതരണം മുടങ്ങി. പദ്ധതിയിലേക്ക് സാമൂഹ്യ സുരക്ഷാ മിഷന് ഇപ്പോഴും നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ട്. അംഗങ്ങളായവർക്ക് തന്നെ സഹായം നിലച്ച സാഹചര്യത്തിൽ പുതിയ അപേക്ഷകൾ ഫയലിൽ കിടക്കുകയാണ്.

കാൻസർ, പക്ഷാഘാതം, പ്രായാധിക്യം,​ നാഡീ രോഗങ്ങൾ എന്നിവ മൂലം കിടപ്പിലായവർ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ, അന്ധർ, തീവ്ര മാനസിക രോഗികൾ, ഓട്ടിസം, സെറിബ്രൽ പാർസി ബാധിച്ചവർ എന്നിവരെ പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ തോതിൽ മൂന്നുമാസം കൂടുമ്പോൾ തുക വിതരണം ചെയ്യുന്ന പദ്ധതിയാണിത്. രോഗികൾക്ക് മുഴുവൻ സമയ പരിചരണം ആവശ്യമാണെന്നതിനാൽ ഇവർക്ക് മറ്റു ജോലികൾക്ക് പോവാൻ കഴിയില്ല. നിർധന കുടുംബങ്ങളാണ് പദ്ധതി നിലച്ചതോടെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. കൂലിപ്പണിയെടുത്തും വീട്ടുജോലിയെടുത്തും കഴിഞ്ഞിരുന്നവർ രോഗീ പരിചരണത്തിനായി മുഴുവൻ സമയവും വീട്ടിൽ കഴിയേണ്ടി വരുമ്പോൾ സർക്കാർ നൽകുന്ന സഹായം വലിയ ആശ്വാസമായിരുന്നു.രോഗികളുടെ മരുന്നിനും മറ്റ് ആവശ്യങ്ങൾക്കുമാണ് തുക ചെലവഴിച്ചിരുന്നത്.

ഒന്നിനും ഉത്തരമില്ല

സഹായധനം നിലച്ചതിന് പിന്നാലെ സാമൂഹ്യ സുരക്ഷാ മിഷന്റെ ഓഫീസുകളിൽ നിരവധി പേർ അന്വേഷണവുമായി എത്തുന്നുണ്ടെങ്കിലും സർക്കാർ ഫണ്ട് ലഭിക്കാത്തതിനാൽ തുക എന്ന് ലഭിക്കുമെന്നത് സംബന്ധിച്ച് അധികൃതർക്ക് കൃത്യമായ ഉത്തരം നൽകാനാവുന്നില്ല.

കുടിശ്ശിക ഉടൻ തീർപ്പാക്കുമെന്നും 20.47 കോടി രൂപയുടെ ഭരണാനുമതി ആയതായും കഴിഞ്ഞ ഏപ്രിലിൽ ആരോഗ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഇതുവരെ തുക ലഭിച്ചിട്ടില്ല.

സഹായധനം അനുവദിക്കണമെന്ന ആവശ്യവുമായി ഗുണഭോക്താക്കൾ പലവാതിലുകൾ മുട്ടുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.