ddd
'രക്ത

മഞ്ചേരി: പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് മുക്തനായ രോഗി പൂർണ്ണ ആരോഗ്യത്തോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന പാലക്കാട് തൃത്താല ഒതളൂർ സ്വദേശി സൈനുദ്ദീൻ സഖാഫിയാണ് (50) 20 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടത്. ചെന്നൈയിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച് മേയ് 27ന് മഞ്ചേരിയിൽ നിന്ന് രോഗം ഭേദമായി മടങ്ങിയ എടപ്പാൾ സ്വദേശി 23കാരൻ വിനീതാണ് സൈനുദ്ദീന്റെ ചികിത്സയ്ക്കായി പ്ലാസ്മ നൽകിയത്.

ജൂൺ ആറിന് മസ്‌കറ്റിൽ നിന്ന് നാട്ടിലെത്തിയ സൈനുദ്ദീനെ തൊട്ടടുത്ത ദിവസം രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ന്യുമോണിയ കണ്ടെത്തിയതോടെ സ്രവ പരിശോധന നടത്തി ഓക്സിജൻ തെറാപ്പി, ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള ചികിത്സ തുടങ്ങി. ആരോഗ്യനില വഷളായതോടെ ഐ.സി.യുവിലേക്ക് മാറ്റി. ഇതിനിടെ ഹൃദയാഘാതവുമുണ്ടായി. ജൂൺ 13ന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐ.സിയുവിലേക്ക് മാറ്റി പ്രോട്ടോക്കോൾ പ്രകാരം ചികിത്സ ആരംഭിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായി തുടർന്നതിനാൽ സ്റ്റേറ്റ് മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരമാണ് പ്ലാസ്മ തെറാപ്പിയും ടോസിലിസുമാബും നൽകിയത്. രോഗം ഭേദമായതോടെ സൈനുദ്ദീനെ 25ന് സ്റ്റെപ്പ് ഡൗൺ വാർഡിലേക്ക് മാറ്റിയിരുന്നു. രോഗം പൂർണ്ണമായി ഭേദമായതിനെ തുടർന്നാണ് ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തത്. കേരളത്തിൽ ആദ്യമായി പ്ലാസ്മ തെറാപ്പി നടത്തിയത് മഞ്ചേരി മെഡിക്കൽ കോളേജിലാണ്. ജൂൺ അഞ്ചിന് പ്ലാസ്മ തെറാപ്പിക്ക് വിധേയനായ പരപ്പനങ്ങാടി സ്വദേശിയും ഫുട്ബാൾ താരവുമായ ഹംസക്കോയ മരണപ്പെട്ടിരുന്നു.

സൈനുദ്ദീൻ സഖാഫിയെ വീട്ടിലേക്ക് യാത്രയാക്കാൻ വിനീതും ആശുപത്രിയിലെത്തിയിരുന്നു. വികാരനിർഭരമായ രംഗങ്ങൾക്കാണ് മഞ്ചേരി മെഡിക്കൽ കോളേജ് സാക്ഷ്യം വഹിച്ചത്. വിനീതിനുള്ള തന്റെ കുടുംബത്തിന്റെ സ്‌നേഹോപഹാരം സൈനുദ്ധീൻ കൈമാറി. ആശുപത്രി ജീവനക്കാർക്ക് മധുരം നൽകിയാണ് കുടുംബം നന്ദി അറിയിച്ചത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.എം.പി.ശശിയുടെയും സൂപ്രണ്ട് ഡോ.കെ.വി.നന്ദകുമാറിന്റെയും നേതൃത്വത്തിലാണ് യാത്രയയപ്പ് നൽകിയത്.