പെരിന്തൽമണ്ണ: കുന്തിപ്പുഴയിലെ വളപുരം കടവിൽ നിന്നും മണൽ കടത്തുകയായിരുന്ന ടിപ്പർ കൊളത്തൂർ പൊലീസ് പിടികൂടി. ഇന്നലെ പുലർച്ചെ നാലോടെയാണ് കൊളത്തൂർ പൊലീസ് നടത്തിയ പ്രത്യേക മഫ്ടി പട്രോളിംഗിനിടെ മണൽ നിറച്ച ടിപ്പർ പിടികൂടിയത്.
വാഹനം പിടികൂടിയ സമയം മണൽ വാഹനത്തിന് അകമ്പടി വന്ന കാറിലെ അംഗങ്ങൾ പൊലീസിനെ ആക്രമിക്കാൻ വന്നെങ്കിലും തൊട്ടുപിറകെ എത്തിച്ചേർന്ന കൂടുതൽ പൊലീസുകാരെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർ വന്ന കാറും കസ്റ്റഡിയിലെടുത്തു. മണൽ മോഷണത്തിനും പൊലീസിന്റെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതായി കൊളത്തൂർ ഇൻസ്പെക്ടർ പി.എം. ഷമീർ അറിയിച്ചു. പിടിച്ചെടുത്ത വാഹനങ്ങൾ ആർ.ഡി.ഒയ്ക്ക് കൈമാറിയതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.