പൊന്നാനി: പ്രവാസി, വ്യാപാരി, രാഷ്ട്രീയക്കാരൻ, ജനപ്രതിനിധി .... പല വേഷങ്ങൾക്കിപ്പുറം 54ാം വയസ്സിൽ വക്കീൽ കുപ്പായവും അണിഞ്ഞിരിക്കുകയാണ് പൊന്നാനിക്കാരൻ കെ.പി. അബ്ദുൾ ജബ്ബാർ. രാജ്യത്ത് ആദ്യമായി നടന്ന ഓൺലൈൻ എൻറോൾമെന്റിന്റെ ഭാഗമായാണ് അബ്ദുൾ ജബ്ബാർ ഗൗണണിഞ്ഞത്. ഹൈക്കോടതിയിലും പൊന്നാനിയിലുമായി പ്രാക്ടീസ് ചെയ്യാനാണ് തീരുമാനം.. കർണാടക നിയമ സർവ്വകലാശാലയ്ക്ക് കീഴിലെ ബലന്ദൂർ ലോ കോളേജിൽ നിന്നാണ് ജബ്ബാർ നിയമബിരുദം പൂർത്തിയാക്കിയത്.
പ്രീഡിഗ്രിയ്ക്ക് തോറ്റപ്പോൾ ഗൾഫിൽ പ്രവാസ ജീവിതമാരംഭിച്ച അബ്ദുൾജബ്ബാൻ അടുക്കളപ്പണി മുതൽ ഓഫീസ് ബോയ് വരെ വിവിധ ജോലികൾ ചെയ്തു. രണ്ടുവർഷത്തിനു ശേഷം നാട്ടിലെത്തിയപ്പോൾ സുഹൃത്തുക്കൾ ഡിഗ്രിപഠനത്തിനായി കോളേജിലേക്ക് പോകുന്നു. വീണ്ടും പഠിക്കാൻ മോഹമുദിച്ചപ്പോൾ പ്രീഡിഗ്രി എഴുതിയെടുത്തു. 1987ൽ ബിരുദ പഠനത്തിനായി എം.ഇ..എസ് പൊന്നാനി കോളേജിൽ ചേർന്നു. വിദ്യാർത്ഥി രാഷ്ട്രീയം തലക്കടിച്ചതോടെ പഠനം രണ്ടാമതായി. കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള വിദ്യാർത്ഥി യൂണിയന്റെ ജില്ല സെക്രട്ടറിയായി.
ഡിഗ്രി തോറ്റതോടെ വീണ്ടും പ്രവാസ ജീവിതത്തിലേക്ക്. 2000ൽ ഡിഗ്രി എഴുതിയെടുത്തു. പ്രവാസം മതിയാക്കി നാട്ടിൽ കച്ചവടം ആരംഭിച്ചു. വക്കീലാവണമെന്ന ആഗ്രഹം അന്നേയുണ്ടായിരുന്നെങ്കിലും വ്യാപാരി സംഘടനയുടെ നേതൃപദവിയിലെ തിരക്കുകൾക്കൊപ്പം പഠനം നടന്നില്ല. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ല സെക്രട്ടറിയും പൊന്നാനി താലുക്ക് പ്രസിഡന്റുമായി ദീർഘകാലമുണ്ടായിരുന്നു.
2010ൽ പൊന്നാനി നഗരസഭയിൽ കൗൺസിലറായി. കഴിഞ്ഞ നാലുവർഷമായി എല്ലാ ഉത്തരവാദിത്വത്തിൽ നിന്നും മാറി നിന്ന് വക്കീൽ പഠനത്തിനായി തുനിഞ്ഞിറങ്ങി.
ഇനി മുഴുവൻ സമയ അഭിഭാഷകനാവും. സാധാരണക്കാർക്ക് നിയമസഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം.
പൊന്നാനിയിലും ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യും. അഭിഭാഷകവൃത്തിയെ സാമൂഹ്യ പ്രവർത്തനമായാണ് ഏറ്റെടുക്കുന്നതെന്നും അബ്ദുൾ ജബ്ബാർ പറഞ്ഞു.