മഞ്ചേരി: ഇതുപോലൊന്ന് മറ്റെങ്ങുമില്ല എന്ന ഗമയിലാണ് ജിജിന്റെ വീട്ടുമുറ്റത്ത് ആ കാറിന്റെ കിടപ്പ്. ബോഡി കൂടി നിർമ്മിച്ച് മിനുക്കിയതോടെ പത്താംക്ളാസ് വിദ്യാർത്ഥിയും മഞ്ചേരി പുല്ലൂർ സ്വദേശിയുമായ ജിജിൻ സ്വന്തമായി നിർമ്മിച്ച കാറിന് സ്വപ്നസാക്ഷാത്കാരത്തിന്റെ പളപളപ്പ്. 3500 രൂപ ചെലവിൽ മൂന്നുദിവസം കൊണ്ട് നിർമ്മിച്ച കാറിന്റെ ബോഡി വർക്ക് പത്താംതരം പരീക്ഷ കാരണം മാറ്റിവച്ചതായിരുന്നു. അതുകൂടി തീർന്നതോടെ മൊത്തം 7000 രൂപയ്ക്ക് ഉഗ്രൻ കാർ റെഡി. ലോക്ക് ഡൗൺ വിരസത മാറ്റാൻ തുടങ്ങിയ കാർ നിർമ്മാണത്തിന് ശുഭ പര്യവസാനം. കാർ നിർമ്മാണത്തിന്റെ ആദ്യഘട്ടം സംബന്ധിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഖത്തറിലെ പ്രമുഖ വ്യവസായിയും ഇ.എൻ.ടി വിദഗ്ദ്ധനും കൊച്ചി കടവന്ത്രയിലെ സെർവ് പീപ്പിൾ ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. മോഹൻ തോമസ് ജിജിന്റെ എൻജിനീയറിംഗ് പഠനച്ചെലവുകൾ ഏറ്റെടുക്കാൻ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയിരുന്നു. അദ്ദേഹമാണ് കാർ നിർമ്മാണം പൂർത്തിയാക്കാനുള്ള തുക അയച്ചു കൊടുത്തത്. ജി.ഐ പൈപ്പ് ഉപയോഗിച്ച് ബോഡി സ്വന്തമായി വെൽഡ് ചെയ്തെടുത്തു. റക്സിൻ ഷീറ്റ് ഉപയോഗിച്ചാണ് കാറിന്റെ റൂഫ് ഒരുക്കിയത്. മുൻഭാഗം ജി.ഐ ഷീറ്റ് പിടിപ്പിച്ച് പൂർത്തിയാക്കി. ലൈറ്റും ഹോണും സൈഡ് മിററും ഘടിപ്പിച്ചതോടെ സ്റ്റൈലൻ ലുക്കായി. ആക്രിക്കടയിൽ നിന്നാണ് കാറിനുള്ള നിർമ്മാണ സാമഗ്രികൾ സംഘടിപ്പിച്ചത്. പഴയ ഓട്ടോറിക്ഷയുടെ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. മഞ്ചേരി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർത്ഥിയായ ജിജിൻ പത്താംതരം പരീക്ഷയുടെ റിസൽട്ടിനായുള്ള കാത്തിരിപ്പിലാണ്. നിർമ്മാണത്തൊഴിലാളിയായ പിതാവ് സുനിൽ കുമാർ, അമ്മ അജിത, സഹോദരി അലീഷ എന്നിവരും പ്രോത്സാഹനവുമായി ഒപ്പമുണ്ട്. സാങ്കേതികാനുമതി കിട്ടാനുള്ള ബുദ്ധിമുട്ട് മൂലം പൊതുനിരത്തിലൂടെ ചീറിപ്പായാനാവില്ലെങ്കിലും സാങ്കേതികസഹായം പോലുമില്ലാതെ സ്വന്തമായി കാർ പൂർത്തിയാക്കാനായതിന്റെ ആത്മസംതൃപ്തിയിലാണ് ജിജിൻ .