ambulance

മലപ്പുറം: ''കോഴിക്കോട് വിമാനത്താവളം ടെർമിനലിനകത്ത് വച്ച് അപസ്മാരമുണ്ടായി നിലത്ത് കൈകാലിട്ടടിച്ച കൊവിഡ് ലക്ഷണമുള്ളയാളെ താങ്ങിയെടുത്താണ് ആംബുലൻസിലേക്ക് കയറ്റിയത്. പേടിച്ചിട്ട് ആരും സഹായത്തിനെത്തിയില്ല. സ്വയംസുരക്ഷ സാധാരണ മാസ്കിലും കൈയുറയിലും ഒതുങ്ങി. പി.പി.ഇ കിറ്റ് പോലും അധികൃതർ തരുന്നില്ല. ജീവനിൽ പേടിയുണ്ട്.'' കൊവിഡ് രോഗികളെയും കൊണ്ട് വിശ്രമമില്ലാതെ രാപ്പകൽ ഓടുന്ന 108 ആംബുലൻസ് ഡ്രൈവർ പറയുന്നു. രോഗിക്ക് നെഞ്ചുവേദന ഉണ്ടായതോടെ കൈയുറ ധരിക്കാൻ പോലും സമയം കിട്ടിയില്ലെന്ന് മറ്റൊരു ഡ്രൈവ‌റുടെ അനുഭവം. ടെർമിനലിനകത്തേക്ക് ആംബുലൻസ് കൊണ്ടുവരുമ്പോൾ ജീവനക്കാ‌ർ പി.പി.ഇ കിറ്റ് ധരിക്കണമെന്ന് എയർപോർട്ട് അതോറിറ്റി നിഷ്ക്കർഷിക്കുന്നുണ്ടെങ്കിലും ആശുപത്രികളിൽ നിന്ന് ഡ്രൈവർമാർക്ക് കിറ്റ് നൽകുന്നില്ല. മലപ്പുറം തിരുനാവായയിലെ 108 ആംബുലൻസിലെ നേഴ്സും പിന്നാലെ ഇവരുടെ ഭർത്താവും കൊവിഡ് ബാധിച്ച് മഞ്ചേരി മെഡിക്കൽ കോളേജിലാണ്. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.

രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ വിശ്രമമില്ലാത്ത ഓട്ടത്തിലാണ് 108 ആംബുലൻസുകൾ. 315 ആംബുലൻസുകളിലായി 1,300 ഓളം ജീവനക്കാരുണ്ട്. സുരക്ഷാഭീഷണിയെ തുടർന്ന് 100ഓളം പേ‌ർ രാജിവച്ചു. എയർപോർട്ട് ഡ്യൂട്ടിയിലുള്ളവർക്ക് ദിവസം 15ന് മുകളിൽ ട്രിപ്പുകളുണ്ടാവും. വൈകിട്ട് ഏഴുമുതൽ പുലർച്ചെ മൂന്നുവരെയാണ് കൂടുതൽ വിമാനങ്ങളിറങ്ങുന്നത്. ഡ്രൈവർ,​ നേഴ്സ് എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളിലായി നാല് ജീവനക്കാർ വേണമെങ്കിലും ചിലയിടങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറവായതിനാൽ രാത്രിയും പകലുമില്ലാതെ തുടർച്ചയായി ഡ്യൂട്ടിയെടുക്കേണ്ടി വരുന്നുണ്ട്. കൊവിഡ് ഡ്യൂട്ടി തുടങ്ങിയതു മുതൽ പലരും വീട്ടിൽ പോയിട്ടില്ല. ഡ്യൂട്ടി കൂടിയതോടെ കോൾ സെന്ററിൽ നിന്നുള്ള വിളികളിൽ യഥാസമയം കേസ് അറ്റന്റ് ചെയ്യാനുമാവുന്നില്ല. രോഗികളെ ഡിസ്ചാർജ്ജ് ചെയ്യാനും കൊണ്ടുവരാനും മണിക്കൂറുകൾ വൈകുന്നുണ്ട്. അതേസമയം,​ ആംബുലൻസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആലോചനയില്ലെന്ന് പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള കെ.എം.സി.എൽ അധികൃതർ പറഞ്ഞു.

ഒന്നും പാലിച്ചില്ല

ഡ്രൈവർക്ക് 19,​000 രൂപയും നേഴ്സിന് 21,​000 രൂപയുമായിരുന്നു കരാ‌ർ ഏറ്റെടുത്ത സ്വകാര്യ കമ്പനിയുടെ വാഗ്ദാനമെങ്കിൽ യഥാക്രമം 16,250, 19,300 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. ഇതിൽ നിന്ന് ഇ.എസ്.ഐ, പി.എഫ് തുക പിടിക്കും. 12 മണിക്കൂറാണ് ഡ്യൂട്ടി. അധിക ഡ്യൂട്ടിയെടുക്കുന്നവർക്ക് ആനുകൂല്യമില്ല. ഒരുമാസത്തെ ശമ്പളം കുടിശ്ശികയാണ്. ഏപ്രിലിലെ ശമ്പളം ജൂൺ അവസാന വാരമാണ് കിട്ടിയത്.