മലപ്പുറം: അഞ്ച് ആരോഗ്യപ്രവർത്തകർക്കടക്കം 12 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ല സമൂഹ വ്യാപന ആശങ്കയിൽ. അഞ്ചുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ എടപ്പാൾ, വട്ടംകുളം മേഖലകളിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുൾപ്പെടെ അഞ്ച് ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവർക്കെല്ലാം സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായതെന്നും സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവർക്ക് പുറമെ ജില്ലയിൽ നിരീക്ഷണത്തിലായിരുന്ന ഒരു തിരുവനന്തപുരം സ്വദേശിക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
രോഗം സ്ഥിരീകരിച്ചവർക്ക് കൂടുതൽ പേരുമായി സമ്പർക്കമുണ്ടായെന്ന വിലയിരുത്തലിൽ എടപ്പാൾ, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളും പൊന്നാനി നഗരസഭയും കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിക്കാൻ ജില്ലാഭരണകൂടം സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്തു. സമൂഹ വ്യാപന സാദ്ധ്യത പരിശോധിക്കാൻ ഇവിടങ്ങളിൽ നിന്നുള്ള ആയിരം പേരുടെ സാമ്പിളുകൾ ശേഖരിക്കും.