turf
മലപ്പുറം നഗരത്തിലെ ടർഫ് ആളൊഴിഞ്ഞ നിലയിൽ

മലപ്പുറം: ലോക് ഡൗൺ ഇളവുകൾക്ക് ശേഷം മെയ് 25 മുതൽ ജില്ലയിലെ ഫുട്ബോൾ ടർഫുകളിൽ കളിയാരവങ്ങൾ വീണ്ടും മുഴങ്ങിയെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധികൾ ടർഫുകളെയും ബാധിച്ചിട്ടുണ്ട്. 14 പേർക്ക് കളിക്കാൻ കഴിയുന്ന താത്കാലിക ഫുട്ബോൾ മെെതാനങ്ങളായ ടർഫുകളിൽ കളികൾ കുറഞ്ഞതോടെ വരുമാനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. 40 മുതൽ 50 ലക്ഷം രൂപ വരെ ചെലവഴിച്ച് നിർമ്മിച്ച ടർഫുകളിൽ പ്രായഭേദമന്യേ നിരവധിയാളുകളാണ് രാവിലെയും വെെകിട്ടും കളിക്കാനായി ബൂട്ട് കെട്ടിയിറങ്ങിയിരുന്നത്. പല ടർഫുകളും ബാങ്ക് ലോണെടുത്താണ് തുടങ്ങിയത്.

ഓരോ ടർഫുകളിലും രണ്ട് ജീവനക്കാർ ഉണ്ടായിരുന്ന സ്ഥാനത്ത് ലോക് ഡൗൺ ഇളവുകൾക്ക് ശേഷം ചില ടർഫുകളിൽ ജീവനക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്.സ്ഥല വാടക, ജോലിക്കാരുടെ ശമ്പളം, വൈദ്യുതി ബിൽ, വെള്ളം തുടങ്ങി ചെലവുകൾ കൂടുമ്പോഴും വരുമാനത്തിലുണ്ടായ ഭീമമായ ഇടിവ് ഉടമകൾക്ക് ഭീഷണിയായിരിക്കുകയാണ്. 50,​000 രൂപ മുതൽ 10,​0000 രൂപ വരെയാണ് ടർഫുകളുടെ സ്ഥല വാടക.

ലോക് ഡൗണിന് മുമ്പ് അവധി ദിവസങ്ങളിൽ എട്ട് മുതൽ 10 വരെ കളികൾ നടന്നിരുന്ന ടർഫുകളിൽ നിലവിൽ രാവിലെയും വെെകിട്ടും രണ്ട് കളികൾ മാത്രമാണ് നടക്കുന്നത്. വെെകിട്ട് 9 വരെ പ്രവർത്തിക്കാൻ സാധിക്കു എന്നതിനാൽ കളിക്കാൻ വരുന്ന ആളുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

കൊവി‌ഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ടർഫുകൾ പ്രവർത്തിക്കുന്നത്. മറ്റ് സ്ഥാപനങ്ങളെ പോലെയല്ല ടർഫുകൾ. രാത്രിയിലാണ് കൂടുതൽ കളികൾ നടക്കുക. ഒമ്പത് മണിക്ക് അടക്കേണ്ടതിനാൽ കളികൾ നടത്താൻ സാധിക്കുന്നില്ല. സമയം വർദ്ധിപ്പിച്ചാൽ കൂടുതൽ കളികൾ നടത്താൻ പറ്റും.

അഷ്‌കർ,​ ടർഫ് ഉടമ