driving

പെരിന്തൽമണ്ണ: ലോക്ക് ഡൗണിൽ വിവിധ മേഖലകൾക്ക് ഇളവുകൾ നൽകിയിട്ടും ഡ്രൈവിംഗ് സ്കൂളുകൾക്ക് പ്രവർത്തനാനുമതി നൽകാത്തത് ജീവനക്കാരെയും ഉടമകളെയും തീർത്തും പ്രതിസന്ധിയിലാക്കുന്നു. ജില്ലയിൽ മുന്നൂറോളം ഡ്രൈവിംഗ് സ്ഥാപനങ്ങളിലായി 1,500ഓളം ജീവനക്കാരുണ്ട്. പെരിന്തൽമണ്ണ താലൂക്കിൽ മാത്രം 40ഓളം ഡ്രൈവിംഗ് സ്‌കൂളുകൾ പ്രവർത്തിച്ചിരുന്നു. ലോക്ക്ഡൗൺ ആരംഭിച്ച മാർച്ച് ആദ്യവാരത്തിൽ തന്നെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനം നിലച്ചിരുന്നു. മാസങ്ങളായി തൊഴിൽ ഇല്ലാതായതോടെ ഉടമകളും ജീവനക്കാരും കടുത്ത പ്രതിസന്ധിയിലാണ്.

ഒരു ഡ്രൈവിംഗ് സ്‌കൂളിൽ മാത്രം അഞ്ചിനും പത്തിനും ഇടയിൽ ജീവനക്കാരുണ്ടാവും. ക്ഷേമനിധിയിൽ അംഗങ്ങൾ അല്ലാത്തതിനാൽ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായങ്ങളും ഇവർക്ക് കിട്ടിയിട്ടില്ല. ഭൂരിഭാഗം സ്ഥാപനങ്ങളുടെയും ഉടമകൾ ജീവനക്കാർ തന്നെയാണ്. സഹജീവനക്കാരെ സഹായിക്കാനുള്ള സാമ്പത്തിക ശേഷി മിക്കവർക്കുമില്ല.

വാഹനങ്ങൾ തുരുമ്പിക്കുന്നു

മൂന്ന് മാസമായി ഓടാതെ ഇരിക്കുന്ന വാഹനങ്ങൾ പലതും ഇതിനോടകം തുരുമ്പെടുത്തും മറ്റും നശിക്കുന്ന അവസ്ഥയിലാണ്. കൂടാതെ കുതിച്ചുയരുന്ന ഇന്ധന വിലയും കൂടിയായതോടെ എങ്ങനെ ഇനി മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് ഉടമകൾ.

അകലം പാലിച്ച് ഒരാളെ മാത്രമെങ്കിലും വാഹനത്തിൽ ഇരുത്തി പരിശീലിപ്പിക്കാനുള്ള അനുമതി നൽകണം. കേടായ വാഹനങ്ങൾ നിരത്തിലിറക്കാനും മറ്റുമായി സർക്കാർ പലിശ രഹിത വായ്പ അനുവദിക്കണം.

സുധീപ്, ശ്രീ ഡ്രൈംവിഗ് സ്കൂൾ, അങ്ങാടിപ്പുറം