satheesh

മഞ്ചേരി: ജില്ലയുടെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച് കള്ളനോട്ടുകൾ വിതരണം ചെയ്ത തമിഴ്നാട് സ്വദേശിയെ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടി. ഗൂഡല്ലൂർ പള്ളിപ്പടി സ്വദേശി സതീഷ്(24)​ ആണ് കള്ളനോട്ട് വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കൊണ്ടോട്ടി ടൗണിൽ വച്ച് സി.ഐ കെ.എം.ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ വലയിലായത്. ഗൂഡല്ലൂരിൽ താമസിച്ചു വരവെ 2011ൽ സ്വന്തം പിതാവിനെ അമ്മയുടെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ഹോട്ടൽ ജോലി ചെയ്തു വരികയായിരുന്നു.

ലോക് ഡൗൺ സമയത്ത് സോഷ്യൽ മീഡിയയിൽ നിന്നാണ് കള്ളനോട്ട് നിർമ്മിക്കുന്നത് കണ്ട് പഠിച്ചതെന്ന് സതീഷ് പൊലീസിന് മൊഴി നൽകി. തുടർന്ന് നിർമ്മാണത്തിനുള്ള കമ്പ്യൂട്ടറും മറ്റും സംഘടിപ്പിക്കുകയും നോട്ട് നിർമ്മാണത്തിനായി മുമ്പ് ജോലി ചെയ്തിരുന്ന കാരക്കുന്നിലെ ഹോട്ടലിന്റെ പിറകിലെ വീട് തിരഞ്ഞെടുക്കുകയായിരുന്നു. ഇവിടെ രണ്ട് മാസത്തോളമായി ഹോട്ടൽ തൊഴിലാളികൾ ഇല്ലാതിരുന്നതും പ്രതിക്ക് അനുകൂലമായി. രാത്രി 12ന് ശേഷം ഇവിടെയെത്തുന്ന ഇയാൾ പുലർച്ചെ ഇവിടെ നിന്ന് നിർമ്മിച്ച നോട്ടുകളുമായി പോവുകയുമായിരുന്നു പതിവ്. 200 ഉം 500ന്റെയും നോട്ടുകളാണ് നിർമ്മിച്ചിരുന്നത്. വിതരണം എളുപ്പമാക്കാനാണ് ചെറിയ സംഖ്യയുടെ നോട്ടുകൾ നിർമ്മിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

നോട്ടിൽ ത്രഡ് ഇടാൻ ഉപയോഗിക്കുന്ന സ്റ്റിക്കറുകളും കമ്പ്യൂട്ടറും നോട്ടടിക്കാൻ ഉപയോഗിച്ച പേപ്പറുകളും മറ്റും കാരക്കുന്നിലെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇയാൾ പ്രധാനമായും ജില്ലയിലെ പെട്രോൾ പമ്പുകളും, ബാറുകളും പലചരക്ക് കടകളും കേന്ദ്രീകരിച്ച് നോട്ടുകൾ ചിലവാക്കിയിരുന്നത്. കൊണ്ടോട്ടി ടൗണിൽ ചിലവാക്കാനായി കൊണ്ടുവന്ന 20 ഓളം 200ന്റെ കള്ളനോട്ടുകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.