ponnani
ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് വിജനമായ പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ

പൊന്നാനി: എടപ്പാളിലെ രണ്ട് സ്വകാര്യ ആശുപത്രികളിലെ രണ്ട് ഡോക്ടർമാർക്കും മൂന്ന് നാഴ്സുമാർക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊന്നാനി താലൂക്കിന് വരുംദിവസങ്ങൾ അതീവ നിർണ്ണായകം. സമൂഹ വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ നടക്കുന്ന പരിശോധനകളുടെ ഫലം നിർണ്ണായകമാണ്. രണ്ട് ഡോക്ടർമാരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 1,500ൽപരം ആളുകളുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം.

സാമൂഹ വ്യാപന തോത് അറിയാൻ പൊന്നാനി താലൂക്കിലെ 1,500 പേർക്കിടയിൽ ദ്രുത സ്രവ പരിശോധന ഇന്ന് മുതൽ ആരംഭിക്കും. ഇതിന്റെ ഫലം പൊന്നാനിക്ക് നിർണ്ണായകമാണ്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരിൽ നിന്ന് പ്രൈമറി, സെക്കണ്ടറി സമ്പർക്കമുണ്ടായി 14 ദിവസം പൂർത്തിയാകാത്ത 500 പേർ, ആശാ വർക്കർമാർ, കൊവിഡ് വളണ്ടിയർമാർ, പൊലീസ്, കച്ചവടക്കാർ, ജനപ്രതിനിധികൾ, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, സർക്കാർ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർ എന്നിവരിലാണ് പരിശോധന നടത്തുക.

ഇക്കഴിഞ്ഞ ശനിയാഴ്ച്ച വരെ കൊവിഡ് സ്ഥിതീകരിച്ച ഡോക്ടർമാരും നാഴ്സുമാരും ആശുപത്രികളിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവർ സ്വകാര്യ ക്ലിനിക്കുകളിലും പരിശോധിക്കുന്നവരാണ്. പൊന്നാനി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി പരിശോധനക്കെത്തിയിട്ടുണ്ട്. ഇവരെ ആരോഗ്യ വകുപ്പ് തിരിച്ചറിഞ്ഞ് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

സമൂഹ വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പൊന്നാനി താലൂക്കിനെ ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് മാറ്റിയത്. നേരത്തെ എടപ്പാൾ, വട്ടംകുളം, ആലങ്കോട് പഞ്ചായത്തുക്കൾ, പൊന്നാനി നഗരസഭയിലെ 47 വാർഡുകൾ എന്നിവയാണ് കണ്ടയിൻമെന്റ് സോണുകളാക്കിയിരുന്നത്. ഇന്നലെ കളക്ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ പൊന്നാനി താലൂക്കിനെ പൂർണ്ണമായും അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു. ജൂലൈ ആറിന് അർദ്ധരാത്രി വരെയാണ് അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേതുടർന്ന് പ്രധാന റോഡുകളെല്ലാം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. ഉച്ചക്ക് ഒരു മണിയോടെ കടകൾ അടച്ചു.

എടപ്പാൾ, കാലടി പഞ്ചായത്തുകൾ നേരത്തെയും അടച്ചിട്ടിരുന്നു. സമ്പർക്ക മറിയാത്ത രോഗികളുടെ എണ്ണം കൂടുന്നത് പൊന്നാനി താലൂക്കിന്റെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. രണ്ട് സ്വകാര്യ ആശുപത്രികളിലെ അഞ്ച് ആരോഗ്യ പ്രവർത്തകരുടേയും രോഗത്തിന്റെ സമ്പർക്ക വഴി അറിയില്ല. നേരത്തെ എടപ്പാളിലെ ഭിക്ഷാടകന് രോഗം സ്ഥിതീകരിച്ചതുമായി ബന്ധപ്പെട്ട് സമൂഹ വ്യാപന തോത് അറിയാൻ നടത്തിയ പരിശോധനയിലാണ് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിതീകരിച്ചത്.