മലപ്പുറം: മൺസൂൺ ഒരുമാസം പിന്നിടുമ്പോഴും മഴക്കുറവ് പരിഹരിക്കപ്പെടാതെ ജില്ല. ഇടമുറിയാതെ തിമിർത്ത് പെയ്യേണ്ട ജൂണിൽ മഴയിൽ 15 ശതമാനത്തിന്റെ കുറവാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് രേഖപ്പെടുത്തിയത്. 490.1 മില്ലീമീറ്റർ ലഭിക്കേണ്ടയിടത്ത് 416.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. ഒരാഴ്ച്ചയ്ക്കിടെ മഴയിൽ 28 ശതമാനത്തിന്റെ കുറവുണ്ടായി. 157.1 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 112.8ഉും.
കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടയിലാണ് മഴ കുറഞ്ഞത്. മൺസൂണിന്റെ തുടക്കത്തിൽ നല്ല നിലയിൽ മഴ ലഭിച്ചിരുന്നു. വേനൽമഴയിലും ജില്ല പിറകിലായിരുന്നു. സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് മൺസൂൺ മഴക്കുറവ് രേഖപ്പെടുത്തിയത്. മലപ്പുറം, എറണാകുളം, ഇടുക്കി, പാലക്കാട്, തൃശൂർ , വയനാട് എന്നിങ്ങനെയാണിത്. കോഴിക്കോട് മാത്രമാണ് അധികമഴ ലഭിച്ചത്. 43 ശതമാനം. നിലമ്പൂർ - 23.6, കരിപ്പൂർ - 15.3, പൊന്നാനി - 11, മഞ്ചേരി - 12.2 , അങ്ങാടിപ്പുറം - 11.2, പെരിന്തൽമണ്ണ- 14 മില്ലീമീറ്റർ എന്നിങ്ങനെയാണ് ഇന്നലെ മഴമാപിനികളിൽ രേഖപ്പെടുത്തിയത്.
ജൂണിൽ പ്രതീക്ഷിച്ച മഴയിങ്ങനെ
ജില്ല ലഭിച്ച മഴ(മില്ലീമീറ്ററിൽ) പ്രതിക്ഷിച്ചത്
മലപ്പുറം - 416.08 - 490.1
പാലക്കാട് - 254.5 - 351.1
എറണാകുളം - 336.9 - 527.2
ഇടുക്കി - 281.3 - 581.4
തൃശൂർ - 381.4 - 582.8
വയനാട് - 252.8 - 495.4
അന്നും മഴ കുറഞ്ഞു
2019 ജൂണിലും ലഭിച്ച മഴ കുറവായിരുന്നു. ആദ്യ ആഴ്ച്ചയിൽ 66 ശതമാനവും അവസാനവാരം 38 ശതമാനവും കുറവുണ്ടായി. ജൂലൈയും നിരാശപ്പെടുത്തി. ആഗസ്റ്റിലെ കനത്ത മഴ ജില്ലയിൽ പ്രളയത്തിന് വഴിവച്ചു. എന്നാൽ ഇത്തവണ മൺസൂണിൽ ജൂൺ അവസാനമാണ് മഴക്കുറവുണ്ടായത്.
വരുന്ന മൂന്ന് ദിവസങ്ങളിലും ജില്ലയിൽ സാധാരണ മഴയാണ് ലഭിക്കുക. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതർ