മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയ്ക്ക് വീണ്ടും തിളക്കമാർന്ന വിജയം. 77,685 പേർ പരീക്ഷ എഴുതിയതിൽ 76,633 പേർ ഉപരിപഠന യോഗ്യത നേടി. 98.65 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ (97.86%) 0.79 ശതമാനം കൂടുതൽ. 39,168 ആൺകുട്ടികളും 37,168 പെൺകുട്ടികളുമാണ് വിജയിച്ചത്. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ കൂടുതലുള്ളതും മലപ്പുറത്താണ്. 6,447 പേർ. കഴിഞ്ഞ വർഷം ഇത് 5,970 പേർക്കായിരുന്നു. മലപ്പുറം 2,736, തിരൂർ- 931, വണ്ടൂർ - 1363, തിരൂരങ്ങാടി -1,417 എന്നിങ്ങനെയാണ് എ പ്ലസ് ലഭിച്ചവരുടെ എണ്ണം. 140 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. കഴിഞ്ഞ വർഷമിത് 144 സ്കൂളുകളായിരുന്നു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ റവന്യൂ ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്.
ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ല, ഏറ്റവും കൂടുതൽ സർക്കാർ സ്‌കൂളുകളുള്ള ജില്ല, ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത, തിങ്ങിനിറഞ്ഞ ക്ലാസ് റൂമുകൾ...... വിദ്യാഭ്യാസ കാര്യത്തിൽ ഏറെ പിറകിലായിരുന്നെങ്കിലും ഇത്തരം പ്രശ്‌നങ്ങളെ അതിജീവിച്ചാണ് ജില്ല മുന്നോട്ടു കുതിച്ചത്. 2001 - 02 അദ്ധ്യയന വർഷം മുതൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വിജയഭേരി വിദ്യാഭ്യാസ പദ്ധതി വിജയശതമാനം ഉയരുന്നതിന് കാരണമായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങൾ സംബന്ധിച്ച വിദ്യാർത്ഥികളുടെ അവബോധവും പാഠ്യപ്രവർത്തനങ്ങളിൽ ചെറിയ ക്ലാസ് മുതൽ രക്ഷിതാക്കൾ ഉണർന്ന് പ്രവർത്തിക്കുന്നതും വലിയ മാറ്റമുണ്ടാക്കി. ചിട്ടയായ മുന്നൊരുക്കങ്ങൾ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേക പരിശീലനങ്ങൾ, പ്രയാസമുള്ള വിഷയങ്ങൾക്ക് കൈപുസ്തകങ്ങൾ, എല്ലാ സ്‌കൂളുകളിലും എ പ്ലസ് ക്ലബ്ബുകൾ, പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പoന ക്യാമ്പുകൾ, ഗൃഹ സന്ദർശനങ്ങൾ, മോട്ടിവേഷൻ ക്ലാസ്സുകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വിജയഭേരി പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ നടത്തുന്നുണ്ട്. ഇത്തരം ചിട്ടയായ പ്രവർത്തനങ്ങളും ജില്ലയുടെ മുന്നേറ്റം എളുപ്പമാക്കി.
വർഷം ജില്ലയുടെ വിജയ ശതമാനം
2002 - 41.23
2003 - 48.44
2004 - 58.77
2005 - 56.63
2006 - 61.91
2007 - 76.29
2008 - 87.09
2009 - 86.67
2010 - 86.97
2011 - 88.52
2012 - 92.11
2013 - 91.43
2014 - 95.48
2015 - 98.30
2016 - 95.83
2017 - 95.53
2018 - 97.75
2019 - 97.86
2020 - 98.65
വർഷം ഫുൾ എ പ്ലസ്
2015 - 2,198
2016 - 3,555
2017 - 3,640
2018 - 5,702
2019 - 5,970
2020 - 6,447