haroon

മലപ്പുറം: അകക്കണ്ണിന്റെ വെളിച്ചത്തിൽ ഹാറൂൺ കൂട്ടിയതൊന്നും പിഴച്ചില്ല. എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഒപ്പം പുതു ചരിത്രവും.

ജന്മനാ കാഴ്ച്ചയില്ലാത്ത ഹാറൂൺ സാധാരണ കുട്ടികൾക്കൊപ്പം ലാപ്‌ടോപ്പിന്റെ സഹായത്തോടെയാണ് പരീക്ഷയെഴുതിയത്. സ്‌ക്രൈബിന്റെ സഹായമില്ലാതെ ഇത്തരത്തിൽ പരീക്ഷയെഴുതിയ സംസ്ഥാനത്തെ ആദ്യ വിദ്യാർത്ഥിയായി മങ്കട ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഈ മിടുക്കൻ.

പരീക്ഷാ ഹാളിലെ പ്രത്യേക കാബിനിൽ സഹായിയായ അദ്ധ്യാപകൻ ചോദ്യം വായിച്ചുകൊടുക്കുമ്പോൾ ലാപ്‌ടോപ്പിൽ ഉത്തരം ടൈപ്പ് ചെയ്യും.തുടർന്ന് പ്രിന്റെടുത്ത് മറ്റു കുട്ടികളുടെ ഉത്തരക്കടലാസിന്റെ കൂടെ വയ്ക്കും. . എട്ടാംതരം വരെ വള്ളിക്കാപ്പറ്റയിലെ അന്ധവിദ്യാലയത്തിൽ പിന്നീട് മങ്കട ജി.എച്ച്.എസ്.എസിലെ സാധാരണ കുട്ടികൾക്കുമൊപ്പം പഠനം. ബ്രെയ്‌ലി ലിപിയില്ലാതെ.

സ്വന്തം പരിമിതികളെ സാങ്കേതിക വിദ്യ കൊണ്ട് മറികടക്കാനാണ് മൂന്നാംക്ലാസ് മുതൽ കമ്പ്യൂട്ടറുമായി കൂട്ടുകൂടിയ ഹാറുണിന് കൗതുകം. പാഠഭാഗങ്ങൾ കേട്ടുപഠിക്കാനുള്ള സോഫ്റ്റുവെയർ സ്വയം നിർമ്മിച്ചു. അന്ധവിദ്യാർ‌ത്ഥികൾക്ക് സഹായകമാവുന്ന സോഫ്റ്റുവെയറുകൾ വിവിധ സ്കൂളുകൾക്ക് സൗജന്യമായി തയ്യാറാക്കി നൽകി. ബോർഡിംഗ് സൗകര്യമുള്ള സ്കൂളിൽ പ്ലസ്‌ടു സയൻസിന് ചേരണം. അമേരിക്കയിലെ സ്റ്റാൻഫോഡ് സർവകലാശാലയിൽ നിന്ന് സോഫ്റ്റ് വെയർ എൻജിനീയറിംഗിൽ ബിരുദം നേടണം.

ഹാറൂണിന്റെ മോഹങ്ങൾ ചിറക് വിടർത്തുന്നു.

.

തളർത്താനായില്ല ആ ആവേശത്തെ
എസ്.എസ്.എൽ.സി പരീക്ഷ ലാപ്‌ടോപ്പിൽ എഴുതാൻ അനുവദിക്കണമെന്ന ഹാറൂണിന്റെ അപേക്ഷ ആദ്യം സർക്കാർ തള്ളിയിരുന്നു. നിരാശനാകാതെ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ വീട്ടിലെത്തി തന്റെ പഠനരീതി ബേദ്ധ്യപ്പെടുത്തിയതോടെ ഇക്കാര്യം സ്പീക്കർ വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചു. മന്ത്രിയെ നേരിൽക്കണ്ട ഹാറൂണിന് ലാപ്‌ടോപ്പിന്റെ സഹായത്തോടെ പരീക്ഷ എഴുതാൻ പ്രത്യേക അനുമതിയേകി.

പരീക്ഷാഫലത്തിന് പിന്നാലെ അഭിനന്ദന പ്രവാഹമാണ്. സ്പീക്ക‌റം, വിദ്യാഭ്യാസ മന്ത്രിയും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. മേലാറ്റൂർ സ്വദേശികളായ അബ്ദുൾകരീം - സാബിറ ദമ്പതികളുടെ മൂന്നാമത്തെ മകനായ ഹാറൂൺ തന്റെ വിജയം സമർപ്പിക്കുന്നത് വീട്ടുകാർക്കും സ്കൂളിനും. മൂത്തസഹോദരി എം.ബി.ബി.എസ് വിദ്യാർത്ഥി. ഇളയ സഹോദരി പാലായിൽ എൻട്രസ് കോച്ചിംഗിലും. പിതാവ് അബ്ദുൾ കരീം കർഷകനാണ്. മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസിലെ ഗണിത അദ്ധ്യാപികയാണ് മാതാവ് സാബിറ.