drugs-

പെരിന്തൽമണ്ണ: കാറിൽ കടത്തിയ പത്തുലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്നുപേർ മങ്കട പൊലീസിന്റെ പിടിയിലായി. മംഗലാപുരം ദക്ഷിണ കന്നട സ്വദേശി ഷംസുദ്ദീൻ (25), കാസർകോട് ആതൂർ സ്വദേശി ബദറുദ്ദീൻ (30), വയനാട് സ്വദേശി നസീർ(38) എന്നിവരെ പുകയില ഉത്പന്നങ്ങൾ കടത്താനുപയോഗിച്ച കാർ സഹിതം പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ ഷംസുദ്ദീന്റെ സഹായത്തോടെ മംഗലാപുരത്തുനിന്നും പുകയില ഉത്പന്നങ്ങൾ ശേഖരിച്ച് കാറുമായി പെരിന്തൽമണ്ണയിലേക്ക് വരുന്ന വഴി തിരൂർക്കാട് വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പുകയില ഉത്പന്നങ്ങൾ ആറോളം ചാക്കിൽ നിറച്ച നിലയിലായിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനവും പ്രതികൾ വിൽപ്പന നടത്തി കിട്ടിയ 11,000 രൂപയും കസ്റ്റഡിയിലെടുത്തു.പായ്ക്കറ്റിന് 50 രൂപ നിരക്കിൽ മംഗലാപുരത്ത് നിന്നും വാങ്ങി മൂന്നിരട്ടി വിലക്കാണ് ജില്ലയിലെ ചെറുകിട വിൽപ്പനക്കാർ വിൽപ്പന നടത്തുന്നത്. കൊവിഡ് ഇളവുകൾ ദുരുപയോഗം ചെയ്ത് നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കൊവിഡ് ഓർഡിനൻസ് പ്രകാരമുള്ള വകുപ്പുകളും കൂടി ചേർത്ത് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.