പാലക്കാട്: രണ്ടാംവിള നെൽകൃഷി വിളവെടുപ്പ് കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും ജില്ലയിൽ വിത്ത് സംഭരണം നടന്നില്ല. കാലവർഷം അടുത്തതോടെ സംഭരണം നടക്കാത്തതിൽ ആശങ്കയിലാണ് കർഷകർ. വിവിധ ജില്ലകളിലേക്കായി സംസ്ഥാന വിത്തുവികസന അതോറിറ്റി വഴി സംഭരിക്കേണ്ട 450 ടൺ നെൽവിത്താണ് ജില്ലയിലെ പല കൃഷിക്കാരുടെയും വീടുകളിൽ കെട്ടിക്കിടക്കുന്നത്.
പല കർഷകരും മതിയായ സൗകര്യമില്ലാത്ത ഇടങ്ങളിലാണ് വിത്ത് സൂക്ഷിക്കുന്നത്. ഈർപ്പം തട്ടിയാൽ വൻനഷ്ടം ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. സാമ്പിൾ പരിശോധന, ടാഗ് നമ്പർ നൽകൽ എന്നിവ ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം പൂർത്തിയായെങ്കിലും വിത്ത് നിറക്കാൻ ചണച്ചാക്കില്ലെന്നാണ് കരാറുകാർ പറയുന്നത്. സംഭരണം വൈകിയതോടെ ഒന്നാംവിള ചെലവിന് പണമില്ലാതെ വിത്ത് സൂക്ഷിച്ച പല കർഷകരും പ്രതിസന്ധിയിലായി. കുഴൽമന്ദം ഭാഗത്ത് മാത്രം നൂറ് ടൺ വിത്ത് കെട്ടിക്കിടക്കുന്നുണ്ട്.
കിലോയ്ക്ക് ₹33
കിലോയ്ക്ക് 33 രൂപയാണ് വിത്ത് സംഭരണ വില. ഉണക്കി സംരക്ഷിക്കുന്നതിന് ചെലവുണ്ടെങ്കിലും ഉയർന്ന വില കിട്ടുമെന്ന പ്രതീക്ഷയിലാണ് പല കർഷകരും വിത്ത് ഉല്പാദിപ്പിക്കുന്നത്. ജില്ലയിൽ കൊല്ലങ്കോട്, നെന്മാറ, കുഴൽമന്ദം, മാത്തൂർ, ആലത്തൂർ എന്നിവിടങ്ങളിലാണ് സംഭരണം പ്രധാനമായും മുടങ്ങിയത്.
മഴ പെയ്താൽ നഷ്ടം
പത്ത് വർഷമായി നെല്ല് വിത്താക്കിയാണ് നൽകുന്നത്. 20 ടണ്ണാണ് ഉണക്കി വച്ചത്. വിത്തിന് 12% ഉണക്കം വേണം. സപ്ലൈകോയ്ക്ക് അളക്കുകയാണെങ്കിൽ 17% മതി. ഉണക്കുകൂലി മാത്രം 15,000 രൂപ വരും. സംഭരണം തുടങ്ങിയില്ലെങ്കിൽ കാലവർഷം ആരംഭിച്ചാൽ സൂക്ഷിക്കാൻ സൗകര്യമില്ലാത്ത കർഷകർ ദുരിതത്തിലാകും.
-സജീഷ് കുത്തന്നൂർ, കർഷകൻ.
സംഭരണം ആരംഭിച്ചു
ചാക്കിന്റെ ലഭ്യതക്കുറവ് മൂലമാണ് സംഭരണം വൈകിയത്. രണ്ടുദിവസം മുമ്പ് സംഭരണം ആരംഭിച്ചു. നിലവിൽ കൊല്ലങ്കോട് മേഖലയിലാണ് സംഭരണം. വരും ദിവസങ്ങളിൽ മറ്റ് മേഖലകളിലും സംഭരണം നടക്കും.
-രാജരത്നം, ഫീൽഡ് ഒാഫീസർ, വിത്തുവികസന അതോറിറ്റി, കുഴമന്ദം ബ്ലോക്ക്.