school
സ്കൂൾ പഠനം

സ്കൂളുകൾ തുറന്നിട്ടില്ലെങ്കിലും ഫീസ് അടയ്ക്കാൻ രക്ഷിതാക്കളെ നിർബന്ധിക്കുന്നു

പാലക്കാട്: പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുമ്പോഴും പകിട്ടുതേടി പോകുന്ന രക്ഷിതാക്കളെ കൊവിഡ് കാലത്തും വരിഞ്ഞുമുറുക്കുകയാണ് അൺ എയ്ഡഡ് സ്‌കൂൾ അധികൃതർ. ലോക്ക് ഡൗണിലെ പ്രത്യേക സാമൂഹ്യ- സാമ്പത്തിക സാഹചര്യമായതിനാൽ വിദ്യാർത്ഥികളിൽ നിന്ന് നിർബന്ധിച്ച് ഫീസ് ഈടാക്കരുതെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം പോലും വകവയ്ക്കാതെയാണ് മാനേജ്മെന്റുകളുടെ കൊള്ള.

എൽ.പി, യു.പി, ഹൈസ്കൂൾ എന്നിങ്ങനെ ഓരോ വിഭാഗത്തിനും കുറഞ്ഞത് 18,000 രൂപ മുതൽ അരലക്ഷം പ്രതിവർഷം പല സ്കൂളുകളും ഫീസായി ഈടാക്കുന്നുണ്ട്. നഗരത്തിലെ ഒരു പ്രമുഖ അൺ എയ്ഡഡ് സ്കൂളിൽ പത്താംതരം വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത് 45,000 രൂപയാണ്. മൂന്നു തവണകളിലായി ഫീസ് അടച്ചാൽ മതിയാകുമെന്നതാണ് ഏക ആശ്വാസം. ഇതിന് പുറമേ ബിൽഡിംഗ് ഫീ, ആന്വൽ ഡേ ഫീ, പ്രൊജക്ട് ഫീ, സ്മാർട്ട് ക്ലാസ് ഫീ, ലാബ് ഫീ, പരീക്ഷകളും മറ്റുമായി ഇടയ്ക്ക് വരുന്ന ചെലവുകൾ വേറെയും. ഇതിന്റെയൊന്നും രസീതുപോലും രക്ഷിതാക്കൾക്ക് പലപ്പോഴും നൽകാറില്ല.

നിലവിൽ സ്കൂളുകൾ തുറക്കാൻ ജൂലായ് ആവുമെന്നിരിക്കെ ബുക്ക്, യൂണിഫോം തുടങ്ങിയവ സ്‌കൂൾ നിർദ്ദേശിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് തന്നെ വാങ്ങണമെന്ന നിർബന്ധവുമുണ്ട് മാനേജ്മെന്റിന്. ഇത്തരം സ്‌കൂളിനൊപ്പം നടത്തുന്ന പ്ലേ സ്‌കൂൾ, എൽ.കെ.ജി, യു.കെ.ജി എന്നിവിടങ്ങളിലും 10,000 മുതൽ 20,000 രൂപ വരെയാണ് അഡ്മിഷൻ ഫീസ്. പ്രതിമാസ ട്യൂഷൻ ഫീസ് വേറെയും. ഈ അദ്ധ്യയന വർഷത്തെ ഫീസ് ഉടനെ അടയ്ക്കണമെന്ന സന്ദേശം ഓരോ രക്ഷിതാക്കൾക്കും മൊബൈലിൽ ലഭിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം ആളുകൾക്കും കഴിഞ്ഞ രണ്ടുമാസം വരുമാനമില്ലാത്തതിനാൽ ഫീസ് അടയ്ക്കാൻ കഴിയാത്ത സാഹചര്യമാണ്.

ഒരാഴ്ചയിൽ മൂന്നുതരം യൂണിഫോം, ബസ് ഫീസ്, ബുക്ക് തുടങ്ങി വേറെയുമുണ്ട് കാണാചിലവുകൾ. ചില സ്കൂൾ മാനേജ്മെന്റുകൾ കഴിഞ്ഞ അക്കാദമിക വർഷത്തെ ബാക്കിയുൾപ്പെടായാണ് അടിയന്തരമായി അടച്ചുതീർക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

ഓൺലൈൻ ക്ലാസ് ഇന്നുമുതൽ

സർക്കാർ- എയ്ഡഡ് വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതിനെ തുടർന്ന് അദ്ധ്യയന ദിവസം നഷ്ടപ്പെടാതിരിക്കാൻ അൺ എയ്ഡഡ് സ്കൂളുകളും ഇന്നുമുതൽ ഓൺലൈൻ ക്ലാസ് ആരംഭിക്കും. ഓരോ സ്കൂളുകളിലെയും ടീച്ചർമാർ വാട്സ്ആപ്പ്, ഗൂഗിൾ മീറ്റ് എന്നിവയുടെ സഹായത്തോടെയും യൂ ട്യൂബ് ചാനൽ വഴിയുമാണ് ക്ലാസെടുക്കുന്നത്.

ജില്ലയിലെ സ്കൂളുകൾ

സർക്കാർ- 333

എയ്ഡഡ്- 585

അൺ എയ്ഡഡ്- 83