പാലക്കാട്: റെയിൽവേ ഡിവിഷനിൽ നാല് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് ആരംഭിച്ചു. നേത്രാവതി, മംഗള എക്‌സ്പ്രസുകളും രണ്ട് ജനശതാബ്ദിയുമാണ് സർവീസ് നടത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള ശ്രമിക് ട്രെയിനുകൾക്ക് പുറമേയാണിവ. വീക്ക്‌ലി തുരന്തോ എക്‌സ്പ്രസ് അടുത്തയാഴ്ച തുടങ്ങും.
നേത്രാവതി തിരുവനന്തപുരം- മുംബൈ റൂട്ടിലും മംഗള എറണാകുളം- ഡൽഹി റൂട്ടിലും ജനശതാബ്ദികൾ യഥാക്രമം കണ്ണൂർ- തിരുവനന്തപുരം (കോട്ടയം വഴി), കോഴിക്കോട്- തിരുവനന്തപുരം (ആലപ്പുഴ വഴി) സർവീസ് നടത്തും.
കണ്ണൂർ ജനശതാബ്ദി ഇന്നലെ കോഴിക്കോട് നിന്നാണ് തിരുവനന്തപുരത്തേക്ക് പോയത്. ഇതുമൂലം കണ്ണൂരിൽ നിന്നുള്ള 450 യാത്രക്കാർക്ക് പോകാനായില്ല. ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കുന്നത് പ്രമാണിച്ച് എല്ലാ സ്റ്റേഷനുകളിലും ശുചീകരണം നടത്തി.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
ടിക്കറ്റ് ബുക്ക് ചെയ്ത് മാത്രമേ യാത്ര നടത്താനാവൂ.
യാത്രക്കാർ ഒന്നര മണിക്കൂർ മുമ്പ് സ്റ്റേഷനിലെത്തണം.
ടിക്കറ്റ് കൺഫേം ആയവർക്ക് മാത്രമേ പ്രവേശനമുള്ളൂ.
ഇവരെ തെർമൽ സ്‌കാനിംഗിന് വിധേയരാക്കും.
രോഗലക്ഷണമില്ലാത്തവർക്ക് യാത്ര ചെയ്യാം.
സർക്കാർ നൽകുന്ന യാത്രാ പാസ് കരുതണം.
ജനറൽ കമ്പാർട്ടുമെന്റുകൾ ഉണ്ടാവില്ല.